അംഫാൻ ചുഴലിക്കാറ്റ് : ഉത്തര ഒഡീഷ, കൊൽക്കത്ത തീരദേശ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നു

അംഫാൻ ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ. ഉത്തര ഒഡീഷയിലും ബംഗാളിലെ കൊൽക്കത്ത ഉൾപ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങളെ ഒഴിപ്പിക്കൽ തുടരുന്നു. പുതിയ സാഹചര്യം ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി വിലയിരുത്തി.

കൊവിഡ് പ്രതിസന്ധിക്കിടെയാണ് ശക്തിയേറിയ ചുഴലിക്കാറ്റിന്റെ ഭീഷണി കൂടി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നേരിടാൻ ഒരുങ്ങുന്നത്. നേരത്തെ ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയെങ്കിലും ഇപ്പോൾ ദിശ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമബംഗാളിലെ ദിഖ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിൽ തീരം തോടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

ഉത്തര ഒഡീഷയിലെ തീര ജില്ലകളിലാകും ഇന്ന് ഏറ്റവും കൂടുതൽ മഴയും, കാറ്റും അനുഭവപ്പെടുക. നിലവിൽ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങളിലും വടക്കൻ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ശക്തമായ കടൽക്ഷോഭം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

37 യൂണിറ്റ് ദുരന്തനിവാരണ സേനയെ ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കര, വ്യോമ, നാവിക സേനയ്ക്ക് പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.