അജ്ഞതയാകുന്ന ഇരുട്ടിന് വെളിച്ചമേകിയ യുഗപുരുഷന്

‘സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോള്‍ അജ്ഞതയും മാറിപ്പോകുന്നു’. അജ്ഞതയാല്‍ ഇരുട്ടുമൂടിയ കേരളക്കരയെ അറിവിന്റെ പൊന്‍കിരണങ്ങള്‍ വീശി വെളിച്ചമേകിയ ശ്രീനാരായണ ഗുരുവിന്റെ 165-ാം ജന്മദിനമാണ് ഇന്ന്. ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷത്തിനു ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലവും വര്‍ക്കല ശിവഗിരിയും ഒരുങ്ങിക്കഴിഞ്ഞു. ഗുരുദേവന്റെ ദര്‍ശനങ്ങളും ദൈവദശകവും അന്തരീക്ഷത്തില്‍ ഇന്ന് മുഴങ്ങികേള്‍ക്കാം.

ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്ന് എല്ലാവരെയും പഠിപ്പിച്ച യുഗപുരുഷന്റെ ജനനം കൊല്ലവര്‍ഷം 1030-ആണ്ട് ചിങ്ങമാസം 14-ാം തീയതി പ്രഭാതത്തില്‍ ചതയം നക്ഷത്രത്തിലാണ്്. ഓണത്തെ കുറിച്ചുള്ള ഐതിഹ്യമാലയില്‍ മഹാബലി ഉത്രാടദിനത്തില്‍ വന്നു ചതയം നാളില്‍ തിരിച്ചു പോകുന്നതായാണ് പറയുക. അങ്ങനെ വരുമ്പോള്‍ സമത്വത്തിനും ഐക്യത്തിനും വേണ്ടി മാവേലി നിയോഗിച്ച യുഗപുരുഷനായാണ് ഗുരുദേവനെ കരുതേണ്ടത്. ‘മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ’ കഴിഞ്ഞിരുന്ന കാലത്ത് മാവേലിയുടെ അഭാവത്തില്‍ മനുഷ്യരെ ഒരുമയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ദൈവത്തിനാല്‍ നിയോഗിക്കപ്പെട്ട മഹാത്മാവാണ് ശ്രീനാരായണ ഗുരു.

ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാനത്തിന്റെ ചരിത്രകഥ കൂടിയാണ്. വിദ്യയും ക്ഷേത്ര ദര്‍ശനവും അധസ്ഥിതര്‍ക്ക് നിഷേധിച്ചിരുന്ന കാലത്ത് വിദ്യയ്ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ യുഗപുരുഷന്‍. ദാര്‍ശനിക ചിന്തയിലൂടെ അധസ്ഥിതരുടെ ഇടയില്‍ അറിവിന്റെ വെളിച്ചം വീശാന്‍ മഹാത്മാവിന് കഴിഞ്ഞു. ഇന്ന് ജാതി വ്യത്യാസമില്ലാതെ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നെങ്കില്‍ അത് ഈ മഹാത്മാവിന്റെ തളരാത്ത പോരാട്ടത്തിന്റെ ഫലമാണ്. സത്യവും ധര്‍മ്മവും അഹിംസയും മാത്രം പിന്‍തുടര്‍ന്ന് യുഗപുരുഷന്‍ പടുത്തുയര്‍ത്തിയത് അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു കേരള സമൂഹത്തെയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്കായി ദേവാലയങ്ങളും വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. അരുവിക്കരയില്‍ ആദ്യ ശിവ പ്രതിഷ്ഠ നടത്തി അവര്‍ണര്‍ക്ക് അന്യം നിന്നിരുന്ന ആരാധനാ സ്വാതന്ത്ര്യം നേടിക്കൊടുത്തു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന’ മഹത്തായ ദര്‍ശനം കേരളജനതയെ പഠിപ്പിച്ചു. അവര്‍ണരുടെ മേല്‍ കാലാകാലങ്ങളായി അടിച്ചേല്‍പ്പിച്ചിരുന്ന തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും സധൈര്യം നേരിടാന്‍ അദ്ദേഹം മുന്നോട്ടു വന്നു. വിദ്യയിലൂടെ മാത്രമെ നവോത്ഥാനം ലക്ഷ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുവെന്ന്’ സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു.

കണ്ണാടി പ്രതിഷ്ഠയും ഓങ്കാരവും ദീപവും ശാരദാമഠവും പ്രതിഷ്ഠകളില്ലാത്ത അദൈ്വതാശ്രമവും സ്ഥാപിച്ച് കേരളകരയ്ക്ക് പരബ്രഹ്മ ചൈതന്യമേകി. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജാതിയുടേയും മതത്തിന്റെയും അയിത്തത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഇന്ന് കേരളജനത ഒരുമയോടെ കഴിയുന്നതിന് ശ്രീനാരായണ ഗുരു വഹിച്ച പങ്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല.

Leave a Reply

Your email address will not be published.