അതിര്ത്തിയില് വീണ്ടും ചൈനീസ് പ്രകോപനം ; നിയന്ത്രണ രേഖ കടക്കാൻ ശ്രമം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിനു സമീപം ചൈനീസ് സേന യഥാർഥ നിയന്ത്രണ രേഖ (എൽഎസി) ലംഘിച്ചത് മണിക്കൂറുകളോളം സംഘർഷത്തിനിടയാക്കി. കിഴക്കൻ ലഡാഖിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പതിമൂന്നാം കമാൻഡർതല നടക്കാനിരിക്കെയാണ് അരുണാചൽ അതിർത്തിയിൽ ഇരുസേനകളും മുഖാമുഖമെത്തിയത്. എൽഎസി ലംഘിച്ച ചൈനീസ് പട്രോളിങ് സംഘവും ഇന്ത്യൻ സേനയും മുഖാമുഖമെത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ ചൈനീസ് സേന പിന്മാറി.

അതേസമയം, എൽഎസിയെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും പട്രോളിങ്ങിനെ മുഖാമുഖമെത്തിയാലുണ്ടാകുന്ന പ്രതിസന്ധിയാണിതെന്നും ഉന്നതവൃത്തങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നതിനു കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. അതുപ്രകാരം ചർച്ച നടത്തി സംഘർഷം ലഘൂകരിക്കുകയാണു പതിവെന്നും അദ്ദേഹം.

ഏതാനും മണിക്കൂറുകൾ ഇരുസേനകളും മുഖാമുഖം നിന്നതിനു ശേഷം പരസ്പര ധാരണയോടെ പിന്മാറുകയായിരുന്നെന്നും സംഘർഷമോ നാശമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ വൃത്തങ്ങൾ. കിഴക്കൻ ലഡാഖിൽ 18 മാസം പിന്നിട്ട സംഘർഷത്തിനു പരിഹാരം നീണ്ടുപോകുന്നതിനിടെയാണ് അരുണാചലിലും സൈനികർ മുഖാമുഖമെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് ഉത്തരഖണ്ഡിലെ

ബരാഹോട്ടിയിലും ചൈനീസ് സേന അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. കുതിരപ്പുറത്തെത്തിയ നൂറോളം വരുന്ന സൈനികർമൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതത്രെ. ചൈനീസ് സേന പ്രദേശത്തെ പാലം തകർത്തുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈന കടന്നു കയറിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സേനയും എൽഎസിയിലെ കാവൽ നിർവഹിക്കുന്ന ഐടിബിപി ജവാന്മാരും എത്തിയപ്പോഴേക്കും ചൈനീസ് സൈന്യം തിരികെ പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

Share via
Copy link
Powered by Social Snap