അതിർത്തിഗ്രാമങ്ങളിൽ അതിജാഗ്രത

ഹത്യാർ കഹാം ഹേ? (തോക്കെവിടെ)’-സോനാമാർഗ് കഴിഞ്ഞുള്ള മലമ്പാതയിലൂടെ നീങ്ങിയ ടാക്സി തടഞ്ഞുനിർത്തി ഒരു പട്ടാളക്കാരൻ ചോദിച്ചു. ഒന്നും മിണ്ടാതെ പുഞ്ചിരി മാത്രം മറുപടി നൽകിയപ്പോൾ ‘തോക്കില്ലേ, ശരി പൊയ്‌ക്കോ’ എന്നായി പ്രതികരണം.ശ്രീനഗറിൽനിന്ന്‌ ലേ-ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ ഇപ്പോൾ ഏതൊരു യാത്രക്കാരനും നേരിടേണ്ടിവരുന്ന ചോദ്യമാണിത്. എല്ലാവരെയും സംശയത്തോടെ കാണുന്ന സമീപനത്തിൽ നീരസം തോന്നാമെങ്കിലും വഴിയിലുടനീളം സൈന്യത്തിന്റെ അതിജാഗ്രതയുടെ തെളിവാണ് ഇത്തരം ചോദ്യങ്ങളും കർശനപരിശോധനകളുമൊക്കെ. സൊചിലാപാസ് പിന്നിട്ട് ലോകത്തെ ഏറ്റവും ശൈത്യമുള്ള രണ്ടാം പ്രദേശമായ ദ്രാസിലെത്തുമ്പോഴും ഇടയ്ക്കിടെ പട്ടാളവണ്ടികളും ചിലയിടങ്ങളിൽ ചെക്ക് പോസ്റ്റുകളും കണ്ടു. ദ്രാസിലെ മൊറാബ ഗ്രാമത്തിൽ മുഷ്‌ക് താഴ്‌വരയിലേക്കുള്ള വഴി എഴുതിവെച്ചിട്ടുണ്ട്. ഇവിടെനിന്ന്‌ മുക്കാൽമണിക്കൂർ നടന്നാൽ പാകിസ്താനിലെത്തും. കാർഗിൽ യുദ്ധത്തിലേക്കു നയിച്ച, പാക്നുഴഞ്ഞുകയറ്റമുണ്ടായ ടൈഗർ ഹിൽസ് ഈ ഗ്രാമത്തിൽനിന്ന്‌ തെളിഞ്ഞുകാണാം.ജമ്മു-കശ്മീരിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെയും രോഷപ്രകടനങ്ങളുടെയുമൊക്കെ ആശങ്ക ഗ്രാമവാസികളുടെ മുഖങ്ങളിൽ വായിച്ചെടുക്കാമായിരുന്നു. പുറത്തുനിന്നുള്ളവരോട് വളരെ സൂക്ഷിച്ചേ അവർ സംസാരിക്കൂ. ഇവിടെ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടായോ എന്നു ചോദിച്ചപ്പോൾ ഈ ഗ്രാമത്തിൽ എല്ലാം ശാന്തമാണെന്ന് വഴിയരികിൽ കണ്ട ഒരു വയോധിക പറഞ്ഞു. കൂടുതൽ ചോദ്യങ്ങളിലേക്കു കടക്കുംമുമ്പേ അവർ വഴിമാറിപ്പോയി.മുന്നോട്ടുപോയാൽ, ദ്രാസിൽതന്നെയാണ് കാർഗിൽ യുദ്ധസ്മാരകം. ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ ശില്പങ്ങളും ബലികുടീരങ്ങളും മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ദേശീയപതാകയ്ക്കു സമീപമുള്ള അമർ ജവാൻ ജ്യോതിയുമൊക്കെ ഏതൊരാളിലും ദേശസ്നേഹം ജ്വലിപ്പിക്കും. യുദ്ധവിവരണങ്ങളും പാകിസ്താനിൽനിന്നു പിടിച്ചെടുത്ത പതാകയും ആയുധാവശിഷ്ടങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ വീരഗാഥകളുമായി പ്രത്യേക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ദ്രാസ് മുതൽ കാർഗിൽ വരെ പലയിടങ്ങളിലായി റോഡരികിൽ ചെറിയ മതിൽകെട്ടി മറച്ചിരിക്കുന്നു. തൊട്ടപ്പുറമുള്ള രണ്ടു മലകൾക്കപ്പുറം പാകിസ്താനായതിനാൽ അവരുടെ ലക്ഷ്യകേന്ദ്രങ്ങളിലാണ് ഈ മറ. കാർഗിൽ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഷിൽക്ക്‌ചേ ചെക്ക് പോസ്റ്റുണ്ട്. ഇവിടെ ഹർത്താൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രതിഷേധങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നായിരുന്നു ജമ്മുകശ്മീർ പോലീസുകാരന്റെ വിശദീകരണം.പക്ഷെ, പട്ടണവീഥികളിലൊക്കെ തോക്കേന്തി നിൽക്കുന്ന അർധസൈനികരുടെ സാന്നിധ്യം കാർഗിൽ അത്ര ശാന്തമല്ലെന്നു തോന്നിച്ചു. ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയിൽ ജമ്മു-കശ്മീർ വിഭജനബിൽ ചർച്ചയ്ക്കെടുക്കവേ സംഘർ‍ഷമുണ്ടായ റോഡ് നാട്ടുകാർതന്നെ കാണിച്ചുതന്നു.തുടർന്ന്, 800 വർഷം പഴക്കമുള്ള ബുദ്ധപ്രതിമയുള്ള മുൽബേർഗിനു പുറമെ, നാമകില, ബോത്തില, ലമയൂരു, മൂൺലാൻഡ്, ബുദ്ധ് കർഗ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോവുന്നതാണ് ലേയിലേയ്ക്കുള്ള പാത. ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലങ്ങളിലൊന്നും വലിയ ജനവാസമില്ല. ബുദ്ധ് കർഗയിലും ലമയൂരുവിലും സൈനികക്യാമ്പുകളുണ്ട്. മലയോരങ്ങളിൽ ചെമ്മരിയാടിൻപറ്റത്തെ മേച്ചു നടക്കുന്ന ജിപ്‌സികളാണ് വഴിയരികിലെ മനുഷ്യസാന്നിധ്യം. ഖൽസിയാണ് ലേയിലെത്തുന്നതിനു മുമ്പുള്ള ചെറുപട്ടണം. അവിടെ, സി.ആർ.പി.എഫ്. ഭടന്മാർ റോന്തുചുറ്റുന്നുണ്ട്. എന്നാൽ, ഇതുവരെയും പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഖൽസിയിൽ ഹോട്ടൽ നടത്തുന്ന മഹേന്ദ്ര സിങ് പ്രയാൽ മാതൃഭൂമിയോടു പറഞ്ഞു. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഒരു നദി പോലെ മലമ്പാത മുന്നോട്ടുനീങ്ങുമ്പോൾ സൈനികവാഹനങ്ങളാണ് ഇപ്പോഴത്തെ പ്രധാനദൃശ്യം. പാകിസ്താനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലൊക്കെ അതിജാഗ്രതയിലാണ് സൈന്യം.

1 thought on “അതിർത്തിഗ്രാമങ്ങളിൽ അതിജാഗ്രത

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap