അതിർത്തി പഞ്ചായത്തുകളുടെ അമരത്ത് സഹോദരങ്ങൾ

എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പഞ്ചായത്തുകൾ ഇനി സഹോദരങ്ങൾ ഭരിക്കും. പഴയ തിരുകൊച്ചിയുടെ അതിർത്തിയായ വെള്ളൂർ, ആമ്പല്ലൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായി ലൂക്ക് മാത്യൂവും ബിജു തോമസും ചുമതലയേറ്റു. തലയോലപ്പറമ്പ് മരങ്ങോലി കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും.
വെള്ളൂർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി ആറാം തവണയാണ് ലൂക്ക് മാത്യു മെമ്പറാകുന്നത്. 1995 ൽ 26-ാം വയസ്സിൽ ഒരു വോട്ടിന് വിജയിച്ച ലൂക്ക്, ഇത്തവണ 14-ാം വാർഡിൽ നിന്ന് 450 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേരളാ കോൺഗ്രസ് (എം) വെള്ളൂർ മണ്ഡലം പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
സമീപത്തെ പഞ്ചായത്തായ എറണാകുളം ആമ്പല്ലൂരിൽ ഇതേ കുടുംബത്തിൽ നിന്നുള്ള ബിജു തോമസ് മരങ്ങോലിയാണ് പ്രസിഡന്റാകുന്നത്. ഇടതുകോട്ടയായ പതിനഞ്ചാം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായ ബിജു വിജയിച്ചത്. കഴിഞ്ഞ തവണ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. ഇരുവരും സമീപ പഞ്ചായത്തുകളുടെ അധ്യക്ഷ പദവിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മരങ്ങോലി കുടുംബം.