അനിൽ പനച്ചൂരാന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്‌കാര ചടങ്ങുകളെക്കുറിച്ച് തീരുമാനിക്കും. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റ് മോര്‍ട്ടത്തിനു നിര്‍ദേശിച്ചത്. ഇവിടെ ചികിത്സയിലായിരുന്ന അനിൽ പനച്ചൂരാൻ ഞായറാഴ്‌ച രാത്രി ഒമ്പതരയ്ക്കാണ് അന്തരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ഞായറാഴ്‌ച കായംകുളത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർ‌ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്.

2007ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം ‘അറബിക്കഥ’യിലെ ‘ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിലൂടെയായിരുന്നു അനിൽ പനച്ചൂരാൻ ശ്രദ്ധേയനായത്. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകൾ ഏറെ പ്രശസ്തമായിരുന്നു. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ വ്യാപക പ്രചാരം ലഭിച്ചിരുന്നു.

‘ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിനു പുറമെ ‘അറബിക്കഥ’യിലെ തന്നെ ‘തിരിക ഞാൻ വരുമെന്ന വാർത്ത’, 2007ൽ തന്നെ പുറത്തിറങ്ങിയ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തെ തുടക്കകാലത്ത് ശ്രദ്ധേയനാക്കിയിരുന്നു. മാടമ്പി, സീനിയേഴ്സ്, ഭ്രമരം, ലൗഡ്‌സ്പീക്കർ, മകന്റെ അച്ഛൻ, പാസഞ്ചർ, സൈക്കിൾ, സ്വന്തം ലേഖകൻ, ബോഡിഗാർഡ്, ഒരിടത്തൊരു പോസ്റ്റ്മാൻ, അർജുനൻ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിർവഹിച്ചു.

ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20-നാണ് അനിൽ പനച്ചൂരാൻ ജനിച്ചത്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: മായ, മകൾ: ഉണ്ണിമായ.

അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങിനിൽക്കുമെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share via
Copy link
Powered by Social Snap