അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ വധശിക്ഷ നടപ്പാക്കി ഇറാന്

ടെഹ്റാന്‍: ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം അവഗണിച്ച് അന്താരാഷ്ട്ര ഗുസ്തി താരത്തെ വധശിക്ഷക്ക് വിധേയമാക്കി ഇറാന്‍. 27കാരനായ നവീദ് അഫ്കാരിയെയാണ് കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. സംഭവത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഞെട്ടല്‍ രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായിരുന്ന ഹസ്സന്‍ തുര്‍ക്ക്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നവീദിനെ വധശിക്ഷക്ക് വിധിച്ചത്. ശിറാസിലെ അദലെബാദ് ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

വാട്ടര്‍ സപ്ലൈ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഹസ്സന്‍ തുര്‍ക്ക്മാനെ കുത്തിക്കൊലപ്പെടുത്തിയതായിരുന്നു കേസ്. സംഭവത്തില്‍ നവീദ് കുറ്റസമ്മതം നടത്തുന്ന വീഡിയോ ടെലിവിഷനിലൂടെ ഇറാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം, യാതൊരു തെളിവുമില്ലാതെയാണ് നവീദിന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നവീദ് പറഞ്ഞതായി കുടുംബം ആരോപിച്ചു. 
സംഭവത്തില്‍ നവീദിന്റെ രണ്ട് സഹോദരങ്ങളെ 54ഉം 27ഉം തടവ് ശിക്ഷക്ക് വിധിച്ചു.  2018ലെ പ്രക്ഷോഭത്തിനിടെയിലാണ് നവീദ് അഫ്കാരിയെ കൊലപാതകക്കേസില്‍ പൊലീസ് പിടികൂടുന്നത്. 2018 ജൂലായ് 23നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകി നവീദാണെന്ന് മനസ്സിലായതെന്ന് പൊലീസ് അറിയിച്ചിരുന്നു. നവീദിനെ വധിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളിയാണ് ശിക്ഷ നടപ്പാക്കിയത്. ട്രംപിന്റെ ആവശ്യത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വീഡിയോ പുറത്തുവിട്ടാണ് ഇറാന്‍ മറുപടി നല്‍കിയത്

Share via
Copy link
Powered by Social Snap