‘അപമാനിതയായി, കങ്കണക്ക് നഷ്ടപരിഹാരം വേണമെന്ന് കേന്ദ്രമന്ത്രി

മുംബൈയിലെ ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് അഭിനേത്രി കങ്കണ റണാവത്തിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അതെവാല. സംഭവത്തില്‍ കങ്കണ അപമാനിതയാണെന്നും നഷ്ടപരിഹാരം വേണമെന്നും കേന്ദ്ര മന്ത്രിയാവശ്യപ്പെട്ടു. കങ്കണയെ സന്ദര്‍ശിച്ച ശേഷമാണ് ആര്‍.പി.ഐ നേതാവ് കൂടിയായ അതെവാല നിലപാട് വ്യക്തമാക്കിയത്.

കങ്കണയുമായി കൂടിക്കാഴ്ച നടത്തി, മുംബൈയില്‍ ആരെയും പേടിക്കേണ്ടെന്നും ഇവിടെ എല്ലാവര്‍ക്കും ജീവിക്കാമെന്നും തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ അപമാനിതയായെന്നാണ് അവര്‍ എന്നോട് പറഞ്ഞത്, ജനുവരിയിലാണ് ഓഫീസ് പണിതത്, കെട്ടിട നിര്‍മാതാവ് 2-3 ഇഞ്ച് അതികം എടുത്തത് അവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കങ്കണക്ക് പിന്തുണയുമായി കര്‍ണിസേനയും രംഗത്ത് എത്തിയിരുന്നു.

അതേസമയം കെട്ടിടം പൊളിക്കുന്നതിന് എതിരായ കങ്കണയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി സെപ്റ്റംബര്‍ 22ലേക്ക് മാറ്റിയിട്ടുണ്ട്. അനുമതിയോടെയാണ് കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് നടി അവകാശപ്പെടുന്നത്. തന്നോട് പകവീട്ടാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേനയാണ് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടതെന്നും അവര്‍ ആരോപിച്ചിരുന്നു.

Share via
Copy link
Powered by Social Snap