അഫ്ഗാനില് നിന്ന് കൂട്ടപ്പാലായനം: പുരികം ചുളിച്ച് ടര്ക്കി; തടയാനൊരുങ്ങി എര്ദൊ

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ രാജ്യത്ത് നിന്നും ടര്‍ക്കിയിലേക്ക് കൂട്ടപ്പാലായനം. ഇറാന്‍ വഴിയാണ് ടര്‍ക്കിയിലേക്ക് അഫ്ഗാനികള്‍ രക്ഷപ്പെടുന്നത്. അനിയന്ത്രിതമായി വരുന്ന അഭയാര്‍ത്ഥി പ്രവാഹത്തില്‍ ടര്‍ക്കി സര്‍ക്കാര്‍ ആശങ്ക വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹത്തെ തടയണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എര്‍ദൊഗാന്‍ നിര്‍ദ്ദേശം നല്‍കി. താലിബാന്‍ ഭരണം ടര്‍ക്കിയിലേക്ക് കൂടുതല്‍ പാലായനം നടക്കുന്നതിന് കാരണമാവുമെന്നാണ് ടര്‍ക്കി സര്‍ക്കാരിന്റെ വിലയിരുത്തല്‍.
‘ഇറാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന പാലായനത്തെ അഭിമുഖീകരിക്കുകയാണ് തുര്‍ക്കി. അഫ്ഗാനിസ്താനില്‍ നിന്നു തുടങ്ങി മേഖലയില്‍ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും,’ എര്‍ദൊഗാന്‍ പറഞ്ഞു. രാജ്യത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ അങ്കാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ കലാപസമാനമായ സംഘര്‍ഷത്തിനിടെയാണ് എര്‍ദൊഗാന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം അങ്കാറയില്‍ സിറിയന്‍ അഭയാര്‍ത്ഥികളും ടര്‍ക്കിഷ് ജനങ്ങളും തമ്മില്‍ കലാപ സമാനമായ സംഘര്‍ഷം നടന്നിരുന്നു.
ടര്‍ക്കിഷ് പൗരനായ 18 വയസ്സുകാരനെ അടിപിടിക്കിടയില്‍ സിറിയന്‍ അഭയാര്‍ത്ഥി കുത്തിപ്പരിക്കേല്‍പ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തിനു പിന്നാലെ അങ്കാറയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന മേഖലയില്‍ ടര്‍ക്കിഷ് ജനങ്ങള്‍ വലിയ പ്രക്ഷോഭം നടത്തുകയും ഇത് സംഘര്‍ഷത്തിന് വഴി വയക്കുകയും ചെയ്തു. സിറിയന്‍ ജനതയുടെ വീടുകളും കടകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. കുട്ടികള്‍ക്കുള്‍പ്പടെ പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷങ്ങളിലായി ടര്‍ക്കിയിലെ ജനങ്ങള്‍ക്കിടയില്‍ കുടിയേറ്റ വിരുദ്ധ മനോഭാവം വര്‍ദ്ധിച്ചിട്ടുണ്ട്. കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. 40 ലക്ഷം അഭയാര്‍ത്ഥികള്‍ നിലവില്‍ ടര്‍ക്കിയില്‍ കഴിയുന്നുണ്ട്. ഇതില്‍ 30 ലക്ഷത്തോളം പേര്‍ സിറിയന്‍ ജനങ്ങളാണെന്നാണ് യു എന്നിന്റെ കണക്ക്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളതും ടര്‍ക്കിയിലാണ്.
ഇതിനിടയില്‍ അഫ്ഗാനില്‍ നിന്നും അഭയാര്‍ത്ഥികള്‍ വരുന്നതിനെതിരെ ടര്‍ക്കി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം എര്‍ദൊഗാന്‍ കുടിയേറ്റത്തിലെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ക്രമരഹിതമായ കുടിയേറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുടിയേറ്റക്കാര്‍ക്കുള്ള മോട്ടല്‍ അല്ല ടര്‍ക്കിയെന്നും എര്‍ദൊഗാന്‍ സിഎന്‍എന്‍ തുര്‍ക്കിനോട് പറഞ്ഞു. അഫ്ഗാനി കുടിയേറ്റം തടയാന്‍ ടര്‍ക്കിയുടെ ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും എര്‍ദൊഗാന്‍ അന്ന് പറഞ്ഞു.
Share via
Copy link
Powered by Social Snap