അമേരിക്കയിലെ ന്യൂജേഴ്സിയില് വെടിവെപ്പ്; വെടിയുതിര്ത്തത് മണിക്കൂറുകള്, കൊല്ലപ്പെട്ടത് ആറുപേര്

ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 

നഗരത്തിലെ രണ്ടിടങ്ങളിലായാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നഗരത്തിലെ ഒരു സെമിത്തേരിയില്‍നിന്ന് തുടങ്ങിയ വെടിവെപ്പ് കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെ നീളുകയായിരുന്നു. ഏകദേശം നൂറ് റൗണ്ടോളം വെടിയുതിര്‍ത്തതായും വെടിവെപ്പ് നാലുമണിക്കൂറോളം നീണ്ടുനിന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായും ഇവര്‍ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ നിലവില്‍ തീവ്രവാദബന്ധം സംശയിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. 

വെടിവെപ്പിനെ തുടര്‍ന്ന് ജേഴ്‌സി സിറ്റിയിലെ മുഴുവന്‍ സ്‌കൂളുകളും അടച്ചിട്ടു. വിവരമറിഞ്ഞ് ന്യൂയോര്‍ക്ക് സിറ്റി പോലീസിലെ എമര്‍ജന്‍സി ടീം ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇരകളായവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap