അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാറപകടത്തിൽ മരിച്ചു

ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിൽ നിയന്ത്രണം വിട്ട് കാർ കൃത്രിമ തടാകത്തിലേക്കു മറിഞ്ഞ് മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കോറൽ സ്‌പ്രിങ്‌സിൽ അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകീട്ട് 6.30-നാണ് അപകടം. കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തിൽ പ്രൊഫ. മത്തായിയുടെ മകൻ ബോബി മാത്യു (46), ഭാര്യ ഡോളി മാത്യു (42), മകൻ സ്റ്റീവ് മാത്യു (14) എന്നിവരാണ് മരിച്ചത്. കുടുംബം വർഷങ്ങളായി ഫ്ളോറിഡയിലാണ് താമസം.

ഡാലസിൽ ഐ.ടി. എൻജിനീയറായ ബോബി മാത്യുവിനെ ഫോർട്ട് ലോഡർഡെയ്ൽ എയർപോർട്ടിൽ കൊണ്ടുവിടാനായി പോകുന്നതിനിടെയാണ് അപകടം. ഭാര്യയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തയിടെയാണ് ബോബിക്ക്‌ ഡാലസിൽ ജോലി ലഭിച്ചത്. ഏതാനും ദിവസത്തെ അവധിക്കു ശേഷം കോറൽ സ്‌പ്രിങ്‌സിലെ വീട്ടിൽനിന്ന്്് മടങ്ങുകയായിരുന്നു. ഇവരുടെ മൂത്ത മകൻ ഓസ്റ്റിൻ മാത്യു കാറിൽ ഇല്ലായിരുന്നു.

ഫ്ളോറിഡയിൽനിന്ന്് ടെക്‌സസിലേക്കുള്ള യാത്രാ മധ്യേ പാർക്ക്‌ ലാൻഡിലാണ് അപകടം. ഫ്ളൈ ഓവറിൽ യു ടേൺ റാംപിൽ കറങ്ങി ഹൈസ്പീഡ് ട്രാക്കിലേക്ക്് (മോട്ടോർ വേ) പ്രവേശിക്കുന്നതിനിടെ കാർ റോഡിൽനിന്ന്് 20 അടിയോളം തെന്നി മാറി റാംപിലെ കൃത്രിമ തടാകത്തിലേക്ക് മറിയുകയായിരുന്നു.

മയാമിക്കടുത്ത് ഡിയർഫീൽഡ് ബീച്ച്‌ ലേക്കിലാണ്‌ കാർ മുങ്ങിയത്. ഹൈവേയിൽനിന്നു തിരിയുമ്പോൾ റോഡിൽനിന്ന് 20 അടിയോളം തെന്നിപ്പോയി ലേക്കിൽ പതിക്കുകയായിരുന്നു. ബോബി സംഭവസ്ഥലത്തു മരിച്ചു. മർഗേറ്റ്്-കോക്കനട്ട് ക്രീക്ക്്് അഗ്നിരക്ഷാ സേന എത്തി തടാകത്തിൽ തിരച്ചിൽ നടത്തി. ഡോളിയെയും സ്റ്റീവിനെയും ബ്രോവേഡ് ഹെൽത്ത് നോർത്തിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഫ്ളോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്ളീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാലസ്) എന്നിവർ ബോബിയുടെ സഹോദരങ്ങളാണ്. ശവസംസ്കാരം പിന്നീട്

Leave a Reply

Your email address will not be published.