അമ്മയുടെ മൃതദേഹം യുവതി ഒളിപ്പിച്ചുവച്ചത് ഒരു പതിറ്റാണ്ട്

വീട്ടിൽ നിന്ന് ഒഴിപ്പിക്കുമോ എന്ന പേടി മൂലം അമ്മയുടെ മൃതദേഹം യുവതി ഒളിപ്പിച്ചുവച്ചത് ഒരു പതിറ്റാണ്ട്. ജപ്പാനിലാണ് ഞെട്ടിക്കുന്ന സംഭവം. നിലവിൽ 48 വയസ്സുള്ള യൂമി യോഷിനോ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. താമസ സൗകര്യങ്ങളുടെ പേരിൽ ജപ്പാനിലെ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഇതോടെ വെളിവായിരിക്കുന്നു. 

ടോക്കിയോ നഗരത്തിൽ യൂമിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. വീട് അമ്മയുടെ പേരിലായിരുന്നു. 10 വർഷം മുൻപ് അമ്മ മരിച്ചു. മരണ വിവരം പുറത്തറിഞ്ഞാൽ യൂമി അനധികൃത താമസക്കാരിയാകും. അതോടെ വീട്ടിൽനിന്നു പുറത്താകും. ആ ദുരന്തം ഒഴിവാക്കാൻ യൂമി കണ്ടുപിടിച്ച വിദ്യ ആയിരുന്നു മൃതദേഹം ഒളിപ്പിക്കുക എന്നത്.  ഫ്രീസറിലാണ് യൂമി മൃതദേഹം ഒളിപ്പിച്ചത്. കഴിഞ്ഞ 10 വർഷമായി അയൽക്കാരോ ബന്ധുക്കളോ അറിയാതെ മൃതദേഹം ഫ്രീസറിൽ തന്നെയിരുന്നു. 

മരണ വിവരം അധികൃതരെ അറിയിക്കാതെ മതൃദേഹം ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് കഴിഞ്ഞദിവസം യൂമി അറസ്റ്റിലായത്. മാസങ്ങളായി വാടക കൊടുക്കാതെ വന്നതോടെ ഹൗസിങ് കോപ്ലക്സ് അധികൃതർ യൂമിക്കെതിരെ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിച്ചപ്പോഴാണ് മരണവിവരവും മൃതദേഹം ഒളിപ്പിച്ച സംഭവവും പുറത്തുവന്നത്. 

60 –വയസ്സിലായിരുന്നു യൂമിയുടെ അമ്മയുടെ മരണം. അന്നു വിവരം പുറത്തറിഞ്ഞിരുന്നെങ്കിൽ 38–ാം വയസ്സിൽ യൂമിക്ക് തലചായ്ക്കാൻ വീട് ഇല്ലാതെ അനാഥയാകേണ്ടിവന്നേനേം. വാടക കൃത്യമായി അടയ്ക്കാതിരുന്നതോടെ ഈ മാസമാദ്യം യൂമിയെ വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു. പുതിയ വാടകക്കാർക്കു നൽകുന്നതിനു മുന്നോടിയായി വീട് വൃത്തിയാക്കാനെത്തിയ ശുചീകരണ ജീവനക്കാരനാണ് ഫ്രീസറിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് യൂമിയെ അറസ്റ്റ് ചെയ്തതോടെ രഹസ്യത്തിന്റെ മറ നീങ്ങി. പല കാരണങ്ങളാൽ പുരുഷൻമാരില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ ഒട്ടേറെയുണ്ട് ജപ്പാനിൽ. പലരും പ്രായമേറിയവരുമാണ്. അപ്രതീക്ഷിതമായി ഇവർ മരിച്ചാൽ ഇവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ വസ്ഥ ദയനീയമാകുന്നു. 

Share via
Copy link
Powered by Social Snap