അയല് രാജ്യങ്ങളില് ചൈന പിടിമുറുക്കുന്നു: ഇന്ത്യയോട് വാങ്ങിയ കടം തീര്ക്കാന് ശ്രീലങ്കയെ ചൈന സഹായിക്കുമെന്ന് റിപ്പോര്ട്ട്

ഇന്ത്യക്ക് നൽകാനുള്ള 960 മില്യൺ ഡോളർ കടം വീട്ടുന്നതിന് ശ്രീലങ്കയെ സഹായിക്കാൻ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. മാലിദ്വീപിനെയും സമാനമായ രീതിയിൽ ചൈന സഹായിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽ ചൈന പിടിമുറുക്കുന്നത് ഇന്ത്യ കരുതലോടെ വീക്ഷിക്കുകയാണ്.

ശ്രീലങ്കയുടെ കടബാധ്യതക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് ചൈന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ശ്രീലങ്കൻ പ്രസിഡന്‍റ് രജപക്സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ട്, വായ്പ തിരിച്ചടക്കുന്നതിൽ കൂടുതൽ സമയം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനം എടുക്കാനിരിക്കെയാണ് ചൈന 500 മില്യൺ ഡോളർ വായ്പയായി ഗ്രീലങ്കക്ക് നൽകിയത്.

നിലവിൽ ജി.ഡി.പി യുടെ 80 ശതമാനവും വിദേശ കടമായ മാറിയ സാഹചര്യത്തിൽ വായ്പകൾക്ക് കൂടുതൽ സമയവും തിരിച്ചടക്കുന്ന കറൻസിയിൽ മാറ്റവും വേണമെന്നാണ് ശ്രീലങ്ക ആവശ്യപ്പെട്ടത്. ചൈന, എ.ഡി.ബി, വേൾഡ് ബാങ്ക്, ജപ്പാൻ എന്നിവരാണ് ശ്രീലങ്കക്ക് ബാധ്യതയുള്ളവർ. മൊത്തം 55 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശകടം. ഇതിൽ 930 മില്യൺ കടബാധ്യത മാത്രമാണ് ഇന്ത്യയുമായിട്ടുള്ളത്.

കോവിഡിന് ശേഷം രൂപം കൊണ്ട പുതിയ സാമ്പത്തിക സാഹചര്യം മുതലെടുത്ത് ഇന്ത്യയുടെ അയൽ രാജ്യങ്ങളെ കൈപ്പിടിയിൽ ഒരുക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യക്ക് കടം വീടാനുള്ള മാലിദ്വീപിനെയും ചൈന സഹായവുമായി സമീപിക്കുന്നതായി വാർത്തകളുണ്ട്. പുതിയ സാഹചര്യത്തെ ന്യൂഡൽഹി സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്.

Share via
Copy link
Powered by Social Snap