അയോധ്യ കേസ്: തർക്ക ഭൂമിയിൽ ക്ഷേത്രം; പള്ളിക്ക് അഞ്ചേക്കർ കണ്ടെത്തണം

ന്യൂഡൽഹി: അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായി ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തർക്ക ഭൂമി ക്ഷേത്രത്തിന് നൽകുമെന്നും പള്ളിയ്ക്ക് പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തണമെന്നുമാണ് അന്തിമവിധി. ഇത് കേന്ദ്രസർക്കാർ നൽകണം. മൂന്നു മാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണമെന്നും കോടതി വിധിച്ചു.

ശനിയാഴ്ച രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ എസ്. എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന ആരംഭിച്ചത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.

ഏകകണ്ഠേനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. കേസിന്‍റെ ചരിത്രമാണ് ആദ്യം കോടതിയിൽ വായിച്ചു തുടങ്ങിയത്. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തത്വമില്ല. എന്നാൽ ആരാധനാ മൂർത്തിക്ക് നിയപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സുന്നി വഖഫ് ബോർഡിന്‍റെ ഹർജി നിലനിൽക്കും. ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്ലാമിക രീതിയിലുള്ള കെട്ടിടത്തിന്‍റേതല്ല.

എന്നാൽ അതൊരു ക്ഷേത്രമായിരുന്നു എന്ന് ഉറപ്പില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളിക്കളയാനാവില്ല. ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് ക്ഷേത്രത്തിന്‍റെ സ്വഭാവമുണ്ട്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെന്നും കോടതി പറഞ്ഞു. നിർമോഹി അഖാഡയുടെ ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.