‘അയ്യരെ’ അനുകരിച്ച് ‘അരവിന്ദ്’; അമ്പരന്ന് ആരാധകര്

സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ് ഈ അച്ഛനും മകനും. മറ്റാരുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും ദുല്‍ഖറിന്‍റേയും പുതിയ പടത്തിന്‍റെ കാര്യമാണ് ഈ പറഞ്ഞു വരുന്നത്. മമ്മൂട്ടിയുടെ അപ്‍കമിംഗ് ലിസ്റ്റിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രം . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ തൻറെ കഥാപാത്രത്തിൻറെ ആദ്യ ഒഫിഷ്യൽ സ്റ്റിൽ ഇന്നലെയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറൽ ആയി. ‘സേതുരാമയ്യരു’ടെ ട്രേഡ് മാർക്ക് ആയ പിന്നിൽ കൈകെട്ടിയുള്ള നിൽപ്പ് ആയിരുന്നു ചിത്രത്തിൽ. ഇപ്പോഴിതാ അതേ ലുക്കിലുള്ള തൻറെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിൻറെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ .
റോഷൻ ആൻഡ്രൂസിൻറെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ ആണ് ദുൽഖറിൻറേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഈ മാസം 14നാണ് ചിത്രത്തിൻറെ റിലീസ്.‘അരവിന്ദ് കരുണാകരൻ’ എന്ന പൊലീസ് കഥാപാത്രമാണ് ദുൽഖറിൻറെ നായകൻ. ‘സേതുരാമയ്യർ’ സ്റ്റൈലിൽ പിന്നിൽ കൈ കെട്ടിയാണ് പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖറിൻറെ കഥാപാത്രവും ഉള്ളത്. ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ ആദ്യമായാണ് അഭിനയിക്കുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.‘മുംബൈ പൊലീസി’നു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയുമാണ് ഇത്. ബോളിവുഡ് താരം ഡയാന പെൻറിയാണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ. വേഫെയറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് നിർമ്മാണം.
Share via
Copy link
Powered by Social Snap