അവയവ കച്ചവടം; സംവിധായകൻ സനൽകുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

അവയവ കച്ചവടം മാഫിയക്കെതിരായ സംവിധായകൻ സനൽകുമാർ ശശിധരന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം റൂറൽ എസ്.പിക്ക് അന്വേഷണ ചുമതല നൽകി ഡി.ജി.പി ഉത്തരവിട്ടു.

ബന്ധുവിന്‍റെ മരണത്തിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനലിന്‍റെ ആരോപണം. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകളും തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശിയുമായ സന്ധ്യ നവംബര്‍ 7നാണ് മരിച്ചത്. ഈ മരണത്തിലാണ് അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച് സനല്‍ രംഗത്തെത്തിയത്. ഏഴാം തീയതി വൈകുന്നേരമായിരുന്നു പെട്ടെന്ന് സന്ധ്യയുടെ മരണം സംഭവിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ആശുപത്രി അധികൃതരുടെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അസ്വാഭാവിക നീക്കങ്ങളാണ് ദുരൂഹതകളുടെ തുടക്കമെന്ന് സനല്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ട മാര്‍ക്കുകളടക്കം രേഖപ്പെടുത്താന്‍ ഇന്‍ക്വസ്റ്റ് സമയത്ത് പൊലീസ് തയ്യാറായില്ല.

എറണാകുളത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മകളോട് അന്വേഷിച്ചപ്പോഴാണ് 2018ല്‍ സന്ധ്യ പത്ത് ലക്ഷം രൂപയ്ക്ക് കരള്‍ വിറ്റ കാര്യം താന്‍ അറിയുന്നത്. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ സന്ധ്യക്കുണ്ടായിരുന്നിട്ടും അവയവ ദാനം നടന്നതില്‍ സംശയമുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. ഒരു മാസം മുന്‍പ് സന്ധ്യക്ക് കോവിഡ് ബാധിക്കുകയും മാറുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിലും സനല്‍ ദുരൂഹത സംശയിക്കുന്നു.

Share via
Copy link
Powered by Social Snap