ആക്രമണങ്ങളുടെ ആരംഭം’: ഉത്തരവാദിത്തം ഏറ്റെടുത്ത് കേട്ടുകേൾവിയില്ലാത്ത സംഘടന

ന്യൂഡൽഹി ∙ ഇസ്രയേൽ എംബസിക്കടുത്ത് കഴിഞ്ഞ ദിവസമുണ്ടായ ചെറു സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരന്മാരെ ചോദ്യം ചെയ്യുന്നു. വീസാ കാലാവധി കഴിഞ്ഞും തങ്ങുന്നവരെയാണു ചോദ്യംചെയ്യുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ‘ജയ്ഷ് ഉൽ ഹിന്ദ്’ എന്ന ഇതുവരെ കേട്ടിട്ടില്ലാത്ത സംഘടന ഏറ്റെടുത്തതായാണു വിവരം. അതേസമയം ആക്രമണത്തിൽ അദ്ഭുതമില്ലെന്നും ഏതാനും ആഴ്ചകളായി ജാഗ്രതയിലായിരുന്നുവെന്നും ഇസ്രയേൽ സ്ഥാനപതി റോൺ മൽക്ക പറഞ്ഞു.

രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വരാനിരിക്കുന്ന ആക്രമണങ്ങളുടെ ആരംഭം മാത്രമാണിതെന്നാണ് ‘ജയ്ഷ് ഉൽ ഹിന്ദി’ന്റെ ടെലിഗ്രാം പേജിലൂടെ പുറത്തുവന്നെന്നു കരുതുന്ന സന്ദേശത്തിൽ പറയുന്നത്. കൃത്യമായ തെളിവില്ലാതെ ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്. തീർത്തും അപരിചിതമായ സംഘടനയുടെ വിശദാംശങ്ങളും സന്ദേശം പുറത്തുവന്ന ടെലിഗ്രാം പേജിന്റെ വിവരങ്ങളും പരിശോധിക്കുകയാണെന്നു ഡൽഹി പൊലീസ് സൈബർ സെൽ പറഞ്ഞു. സംഭവസ്ഥലത്തുനിന്നു കഴിഞ്ഞ ദിവസം ലഭിച്ച ചെറിയ കവറിൽ എന്താണെന്നതു പുറത്തുവിട്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ  വിവരങ്ങൾ തേടുന്നു

ഇസ്രയേൽ എംബസിക്കടുത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ സംശയകരമായി കണ്ട കാറിന്റെ വിവരങ്ങളും പരിശോധിക്കുന്നു. ഓടുന്ന കാറിൽനിന്നോ ബൈക്കിൽനിന്നോ സ്ഫോടകവസ്തു എറിഞ്ഞതാകാമെന്ന സംശയം ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. നാഷനൽ ബോംബ് ഡേറ്റാ സെന്ററിലെ ഉദ്യോഗസ്ഥരടക്കം പരിശോധന നടത്തി. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചിരുന്നു. 2012 ഫെബ്രുവരി 13ന് എംബസി വാഹനത്തിലുണ്ടായ സ്ഫോടനവുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു. അന്നും ഇറാന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.

Share via
Copy link
Powered by Social Snap