ആഞ്ഞടിച്ച് നിവാർ; തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം, കനത്ത മഴയും വെള്ളപ്പൊക്കവും

ചെന്നൈ: നിവാർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം. കടലൂർ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരങ്ങൾ കടപുഴകി വീണു. ചെന്നൈയിൽ ശക്തമായ മഴയെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു. അതേസമയം വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകർന്നും രണ്ടു പേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ഓടേയാണ് കര തൊട്ടത്.

രണ്ടരയോടെയാണ് ഇത് പൂർണമായത്. തീരം തൊടുന്ന സമയത്ത് 145 കിലോമീറ്റർ വേഗത ഉണ്ടായിരുന്നു. കടലൂരിന് തെക്കുകിഴക്ക് കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂറിൽ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ മണിക്കൂറിൽ 10 മുതൽ 120 വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ കനത്തമഴ തുടരുകയാണ്. അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായാണ് കര തൊട്ടത്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് രാവിലെ 8.30 ഓടേ ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

Share via
Copy link
Powered by Social Snap