ആദ്യ വാക്സിൻ റഷ്യയുടേതാകുമെന്ന സൂചനകൾ

ജനീവ: കൊവിഡ് വാക്സിൻ മത്സരയോട്ടം അന്തിമ ഘട്ടത്തിലേക്ക്. ആദ്യ വാക്സിൻ റഷ്യയുടേതാകുമെന്ന സൂചനകൾ കൂടുതൽ ശക്തമായിട്ടുണ്ട്. ആസ്ട്രസെനക- ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെയും മോഡേണയുടെയും ഇന്ത്യൻ കമ്പനി ഭാരത് ബയോടെക്കിന്‍റെയും വാക്സിനുകൾ ഏറെ പ്രതീക്ഷയോടെ മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാൻ തയാറെടുക്കുന്നു. എന്നാൽ, അതിനൊക്കെ മുൻപ് റഷ്യൻ വാക്സിൻ എത്തുമെന്നാണു മോസ്കോയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഈ മാസം തന്നെ റഷ്യൻ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. മോസ്കോയിലെ ഗവേഷണ കേന്ദ്രമായ ഗമലെയ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. അതു യാഥാർഥ്യമാവുമോയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണു ലോകം. വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയായെന്നും ഇനി പേപ്പർ ജോലികൾ മാത്രമാണു ബാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ മാസം തന്നെ ഡോക്റ്റർമാർക്കും ടീച്ചർമാർക്കും വാക്സിൻ നൽകുമെന്നാണു മന്ത്രി പറയുന്നത്. ഒക്റ്റോബറിൽ രാജ്യത്തെ എല്ലാവർക്കും വ്യാപകമായി വാക്സിനേഷൻ നടത്തും.

ഈ പ്രഖ്യാപനത്തെ ചിലരെങ്കിലും സംശയത്തോടെ ഉറ്റുനോക്കുന്നുണ്ട്. അമെരിക്കയ്ക്ക് റഷ്യൻ വാക്സിനെ പൂർണമായി വിശ്വാസവുമില്ല. എന്നാൽ, റഷ്യയുടെ വാക്സിൻ എത്രമാത്രം വിജയമെന്ന് ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമാവുമെന്നതാണു പ്രധാനം. ലോകത്ത് ആദ്യം ഇറങ്ങുന്ന കൊവിഡ് വാക്സിൻ ഏത് എന്നതിൽ ലോകം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കൊവിഡിനെ പ്രതിരോധിക്കാൻ ഇനി വാക്സിനേ കഴിയൂ എന്നതാണല്ലോ അവസ്ഥ. ഏറ്റവും ഫലപ്രദവും ആദ്യം ഇറങ്ങുന്നതും ഓക്സ്ഫഡിന്‍റെ വാക്സിനായിരിക്കുമെന്ന കണക്കുകൂട്ടലുകൾ അതിവേഗ നീക്കങ്ങളിലൂടെ തകർത്തിരിക്കുകയാണ് ഇപ്പോൾ റഷ്യ.

വാക്സിൻ നിർമിക്കുന്ന ഗമലെയ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മറ്റു വാക്സിൻ നിർമാതാക്കളെക്കുറിച്ചുള്ളത്രയും വിവരങ്ങളൊന്നും ലഭ്യമല്ല. വാക്സിനെക്കുറിച്ചുള്ള വിവരങ്ങളും ഏറെക്കുറെ രഹസ്യമാണ്. ജൂൺ മധ്യത്തോടെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. ചുരുങ്ങിയത് ഏഴ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങളിലാണ് ട്രയൽ നടത്തിയതെന്നാണു വിവരം.

രണ്ടു തരത്തിലുള്ള വാക്സിനുകൾ റഷ്യ വികസിപ്പിച്ചിട്ടുണ്ട് എന്നും പറയുന്നു. ഒന്നും ദ്രവരൂപത്തിലും മറ്റൊന്നു പൊടിരൂപത്തിലും. 38 പേർ വീതമുള്ള ഗ്രൂപ്പുകളിലാണ് ആദ്യ ഘട്ടം പരീക്ഷണം നടത്തിയത്. മോസ്കോയിലെ ര‍ണ്ട് ആശുപത്രികളിൽ വച്ചായിരുന്നു ഇത്.

ഓഗസ്റ്റ് പത്തിനും പന്ത്രണ്ടിനും ഇടയിൽ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടുള്ള ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മറ്റു വാക്സിനുകൾ ഈ വർഷം അവസാനത്തോടെയേ ഉണ്ടാകൂ എന്ന സൂചന നൽകുമ്പോഴാണ് ഈ മാസം തന്നെ അത്ഭുത വാക്സിനുമായി രംഗപ്രവേശത്തിനുള്ള റഷ്യൻ നീക്കം.

Share via
Copy link
Powered by Social Snap