ആറു മണിക്കൂറിലേറെ നീണ്ട് ചോദ്യം ചെയ്യല്- നിര്ണായക മൊഴികള് കിട്ടിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചതായി സൂചന. ഇന്നുരാവിലെ വടകര എസ്.പി ഓഫീസില്‍ അന്വേഷണ സംഘത്തലവന്‍ കെ.ജി സൈമണ്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍ ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ വഴിത്തിരിവായേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ജോളി നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങള്‍ ഷാജുവും സഖറിയാസും പൊലീസിന് കൈമാറി.

മൊഴികളില്‍ വൈരുദ്ധ്യവും അവ്യക്തതയും കാരണം ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടുതവണ ചോദ്യം ചെയ്തുവിട്ടതിന് ശേഷമാണ് ഇന്നുരാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തന്‍ രണ്ടുതവണ ശ്രമിച്ചപ്പോള്‍ ഷാജു സഹായിച്ചെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഒരേ വിഷയത്തില്‍ ജോളിയും ഷാജുവും സഖറിയയും പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയതും വിശദമായ ചോദ്യം ചെയ്യലിനു കാരണമായി.

കേസില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.സി.ടി എസ്.പി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ പരിശോധന അന്വേഷണത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. പൊന്നാമറ്റത്ത് അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍മാരായ എന്‍.സുനില്‍കുമാര്‍, കെ.കെ.ബിജു എന്നിവരും വിദഗ്ദ്ധസംഘത്തെ അനുഗമിച്ചിരുന്നു. അതിനിടെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ റീജിയണല്‍ അനാലിറ്റിക്ക് ലാബിലേക്ക് മാറ്റി. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടാക്കുക വെല്ലുവിളിയാണെന്ന് ഡോ. ദിവ്യ പറഞ്ഞു.

സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ചത് പണവും മദ്യവും നല്‍കി സ്വാധീനിച്ചിട്ടാണെന്ന് ജ്വല്ലറി ജീവനക്കാരന്‍ മാത്യു മൊഴി നല്‍കിയിട്ടുണ്ട്. അയ്യായിരം രൂപയും രണ്ടുകുപ്പി മദ്യവും നല്‍കിയാണ് പ്രജുകുമാറില്‍ നിന്ന് സയനൈഡ് കൈക്കലാക്കിയത്. ഇത് ജോളിക്ക് കൈമാറി. ജോളിക്ക് എന്തിനാണ് സയനൈഡെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് തന്നോട് ജോളി പറഞ്ഞത് എന്നും മാത്യു വ്യക്തമാക്കി.

താന്‍ നേരിട്ടാണ് ജോളിക്ക് സയനൈഡ് കൊടുത്തത്. ജോളിക്ക് വേണ്ടിയാണ് സയനൈഡ് വാങ്ങിയതെന്ന് താന്‍ പ്രജുകുമാറിനോട് പറഞ്ഞിട്ടില്ല. തന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് സയനൈഡ് എന്നാണ് പ്രജുകുമാറിനോട് പറഞ്ഞത്. അതിന് വേണ്ടിയാണ് മദ്യവും പണവും നല്‍കിയത്. പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ച ശേഷം ജോളിക്ക് ഇത് കൊണ്ടുപോയി നല്‍കിയെന്നും മാത്യു പൊലീസിനോട് പറഞ്ഞു.

പിന്നീടൊരു തവണകൂടി ജോളി സയനൈഡ് ചോദിച്ചു. അന്നും താന്‍ പ്രജുകുമാറിനോട് സയനൈഡ് എത്തിച്ച് തരാനാകുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ സ്റ്റോക്കില്ലാത്തതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും മാത്യു മൊഴി നല്‍കി. ജോളിയുടെ ബന്ധുവാണ് മാത്യു. മാത്യുവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ജോളി സയനൈഡ് കൈക്കലാക്കിയത്. പ്രജുകുമാറും ജോളിയും നേരിട്ട് പരിചയമുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap