ആലുവയിൽ വീടിന് സമീപത്തെ മണ്ണിടിഞ്ഞു; ആർക്കും പരിക്കില്ല

കൊച്ചി: ആലുവ ഊമൻകുഴിതടത്തിൽ വീടിന് സമീപത്തെ മണ്ണിടിഞ്ഞു. കാട്ടുങ്ങൽ ബാബുവിന്റെ പുരയിടത്തിലെ മണ്ണാണ് മഴയിൽ കുതിർന്ന് 25 മീറ്ററോളം താഴെയുള്ള ജനവാസ കേന്ദ്രത്തിലേക്ക് പതിച്ചത്. വൈകിട്ട് 7.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നഗരസഭാ എൻജിനീയറിംഗ് വിഭാഗം നാളെ സ്ഥലത്തെത്തി വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വിവിധ കാലവർഷ അപകടങ്ങളിൽ ഇന്ന് നാല് പേര് മരിച്ചത്. രണ്ട് പേരെ കാണാതായി. മലപ്പുറം കാളികാവിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. നരിമടയ്ക്കൽ സവാദ് ആണ് മരിച്ചത്. കോട്ടയം മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവർ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിണാവ് പുഴയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവൻ ആണ് മരിച്ചത്. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ പ്രമാടം സ്വദേശി രാജൻപിള്ളയെ കാണാതായി. ഭാരതപ്പുഴയിൽ ഷൊർണൂരിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.
കേരളത്തിൽ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. കൊവിഡ് വ്യാപനത്തിനിടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുന്നത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.