ആ കഥയിലെ നിധിയാണ് ഇപ്പോള് അമ്മച്ചിയുടെ കൈയില് ഇരിക്കുന്നത്; മലയാളത്തിന്റെ സ്വന്തം ജോൺ ഹോനായി

അമ്മച്ചിയുടെ നിധി അടങ്ങിയ പെട്ടി തേടിയെത്തുന്ന ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലനെ അത്ര വേഗം ആരും മറക്കാനിടയില്ല. മലയാള സിനിമയിലെ എക്കാലവും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് റിസ ബാവ അനശ്വരമാക്കിയ ജോൺ ഹോനായി എന്ന കഥാപാത്രം. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രതിനായക കഥാപാത്രമാണെങ്കിലും റിസ ബാവയുടെ ഈ ജനപ്രിയ വില്ലനെ തിയെറ്ററില്‍ ജനം കൈയടികളോടെയാണ് സ്വീകരിച്ചത്. മാത്രമല്ല ചിത്രത്തിലെ ജോണ്‍ ഹോനായിയുടെ സംഭാഷണങ്ങളും കൈയടി ഏറ്റുവാങ്ങി. ഒരു വിരല്‍ തുമ്പില്‍ എന്നെയും മറുകൈയില്‍ ആണ്ട്രൂസിനെയും കൊണ്ട് അമ്മച്ചി നടക്കാനിറങ്ങുമ്പോള്‍ അമ്മച്ചി ഞങ്ങള്‍ക്ക് ഒരു കഥ പറഞ്ഞു തരുമായിരുന്നില്ലേ, ഭൂതത്താന്‍റെ കൈയില്‍ നിന്ന് ഭൂമി നിധി തട്ടിപ്പറിച്ച കഥ, ആ കഥയിലെ നിധിയാണ്‌ ഇപ്പോള്‍ അമ്മച്ചിയുടെ കൈയില്‍ ഇരിക്കുന്നത്. മലയാളത്തിലെ സുന്ദര വില്ലന്മാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന് സ്ഥാനം.

നൂറിലേറെ മലയാള ചിത്രങ്ങളിൽ ഇതിനോടകം റിസബാവ അഭിനയിച്ചിട്ടുണ്ട്. കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവ നടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. റിസബാവയുടെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. 

Share via
Copy link
Powered by Social Snap