ഇഎംസിസി: നടപടികൾ വ്യവസായ വകുപ്പ് അവസാനിപ്പിച്ചു

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രത്തിനു മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങാനുള്ള ഫയൽ നടപടികൾ വ്യവസായ വകുപ്പ് അവസാനിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഇ–ഫയൽ രേഖകൾ മനോരമ പുറത്തു വിട്ടതിനു പിന്നാലെയാണ് ഉന്നതതല നിർദേശ പ്രകാരം ഫയൽ ക്ലോസ് ചെയ്തത്. 

പദ്ധതിയെക്കുറിച്ച് അറിഞ്ഞില്ലെന്ന സർക്കാരിന്റെ വാദങ്ങൾ കള്ളമാണെന്നു തെളിയിക്കുന്നതായിരുന്നു ഫയൽ രേഖകൾ. ഫെബ്രുവരി 19നാണ് ഇഎംസിസിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ വകുപ്പ് ഫയൽ തുറന്നത്. 

തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുൻപ് തിരക്കിട്ട് അനുമതി നൽകാനായിരുന്നു നീക്കം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പദ്ധതിയെക്കുറിച്ച് ആരോപണം ഉന്നയിച്ചതിനു തൊട്ടു പിന്നാലെയാണ് ഫയൽ തുറന്നത്. ആരോപണങ്ങൾ സർക്കാർ ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നതോടെ ധാരണാപത്രം ഉൾപ്പെടെ റദ്ദാക്കാൻ 24നു തീരുമാനിച്ചിരുന്നു. ഇതിനുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. 

മന്ത്രിസഭാ അനുമതിക്കുള്ള ഫയൽ ഫെബ്രുവരി 26ന് മന്ത്രി ഇ.പി. ജയരാജൻ പരിശോധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനു കൈമാറിയെന്നു രേഖകളിൽ വ്യക്തമാണ്. ഈ ഫയലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

Share via
Copy link
Powered by Social Snap