ഇടത് എംപിമാർ ഹാഥ്രസ് യാത്ര മാറ്റിവച്ചു; തീരുമാനം പെൺകുട്ടിയുടെ വീട്ടുകാർ അസൗകര്യം അറിയിച്ചതിനാൽ

ദില്ലി: രാജ്യത്തെ ഇടതുപക്ഷ എംപിമാർ ഇന്ന് ഹാഥ്റസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം എംപിമാരെ കാണാൻ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം.

സിപിഎം, സിപിഐ, എൽജെഡി പാർട്ടികളുടെ എംപിമാരാണ് ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും  കൂടിക്കാഴ്ച നടത്തുമെന്നും എംപിമാർ അറിയിച്ചിരുന്നു. സന്ദർശനത്തിനു ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും എളമരം കരീം, ബികാശ് രഞ്ജൻ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ എന്നിവരുൾപ്പെട്ട സംഘം പറഞ്ഞിരുന്നു.

അതേസമയം, ഹാഥ്റസ് പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന ആക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ കത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എന്നാൽ സഹോദരന്‍റെ മര്‍ദ്ദനമേറ്റാണ്  പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു.

അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കുടുംബത്തിന്‍റെ ആശങ്കക്കിടെയാണ് പ്രതികള്‍ എഴുതിയ കത്തിന് പിന്നാലെ പോലീസ് നീങ്ങുന്നത്. വൈരാഗ്യം നിലനിന്നിരുന്ന അയല്‍വീട്ടിലെ യുവാവുമായുള്ള പ്രണയം പെണ്‍കുട്ടിയുടെ കുടംബത്തെ ചൊടിപ്പിച്ചെന്നാണ് പ്രതികള്‍ കത്തില്‍ ആരോപിച്ചത്. പ്രതിയായ സന്ദീപുമായി  വയലില്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ട് പ്രകോപിതനായ സഹോദരന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കിയെന്നും ഇത് മരണകാരണമായെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഈ ദിശയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പെണ്‍കുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. പെണ്‍കുട്ടിയെ  വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന്  കുടുംബം ആരോപിച്ചു.

Share via
Copy link
Powered by Social Snap