ഇടുക്കിയില് ഭരണം നേടാനായില്ലെങ്കിലും നിര്ണായക സാന്നിധ്യമായി മാറിയ എന്.ഡി.എ

ഇടുക്കി ജില്ലയിൽ എവിടെയും ഭരണം നേടാനായില്ലെങ്കിലും പല പഞ്ചായത്തുകളിലും നിർണായക സാന്നിധ്യമാകാൻ എൻ.ഡി.എക്ക് സാധിച്ചിട്ടുണ്ട്. ഏഴ് പഞ്ചായത്തുകളിൽ പുതുതായി അക്കൗണ്ട് തുറന്നു. എന്നാൽ സീറ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്ന അവകാശവാദം നേതാക്കളുടെ വാക്കുകളിൽ മാത്രം ഒതുങ്ങി.

പല പഞ്ചായത്തുകളിലും മറ്റു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നതിൽ നിർണായക ഘടകമായിരുന്നു എൻഡിഎ. ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ മുന്നണി ആദ്യമായി അക്കൗണ്ട് തുറന്നു. തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ കഴിഞ്ഞതവണത്തെ അത്ര തന്നെ സീറ്റുകൾ നിലനിർത്താനും മുന്നണിക്ക് കഴിഞ്ഞു.

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിർണായക സാന്നിധ്യമാകാൻ എന്‍.ഡി.എക്കായി. 13 സീറ്റുള്ള പഞ്ചായത്തിൽ നാല് സീറ്റുമായി രണ്ടാമതെത്തി. തോട്ടം തൊഴിലാളി മേഖലയായ വട്ടവടയിലും മൂന്ന് സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. 3 ഇടത്ത് രണ്ടാമതെത്താനും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ആകെ സീറ്റുകൾ 33ൽ നിന്ന് 96 ആയി ഉയർത്തുമെന്ന തെരഞ്ഞെടുപ്പിന് മുന്‍പത്തെ അവകാശവാദം വാക്കുകളിൽ ഒതുങ്ങി. 37 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. ആകെ സീറ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് നാല് മാത്രം. ബി.ഡി.ജെ.എസിന് സീറ്റുകൾ ലഭിച്ചില്ലെങ്കിലും പാർട്ടിയുടെ വോട്ടുകൾ പലയിടങ്ങളിലും നിർണായകമായതായാണ് മുന്നണിയുടെ വിലയിരുത്തൽ.

Share via
Copy link
Powered by Social Snap