ഇടുക്കിയില് യു.ഡി.എഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇടുക്കിയിൽ യു.ഡി.എഫിന് ഉണ്ടായത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ബലത്തിലാണ് ജില്ലാ പഞ്ചായത്തിൽ ആറ് സീറ്റ് എങ്കിലും നേടാൻ മുന്നണിക്കായത്. അതേ സമയം കഴിഞ്ഞ തവണ ലഭിച്ചതിന്‍റെ ഇരട്ടി സീറ്റുകൾ സ്വന്തമാക്കിയാണ് എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരണം ഉറപ്പാക്കിയത്.

എന്ത് സംഭവിച്ചാലും ഇളകില്ലെന്ന് ഉറപ്പിച്ച യു.ഡി.എഫ് കോട്ടകൾ പോലും ഇത്തവണ തകർന്നു. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിൽ 11 ഇടത്തും മത്സരിച്ച കോൺഗ്രസ് രണ്ട് ഇടത്ത് ഒതുങ്ങി. അവിശ്വസനീയമായ തോൽവിയുടെ കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് കോൺഗ്രസ് നേതാക്കൾ.

അഞ്ച് ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നാലിലും വിജയം. എന്നാൽ എൽ.ഡി.എഫ് തേരോട്ടത്തിന് തടയിടാൻ അത് മതിയാകുമായിരുന്നില്ല. 10 ഡിവിഷനുകൾ നേടിയാണ് ഇടത് മുന്നണി ജില്ലാ പഞ്ചായത്ത് ഉറപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. രണ്ട് ബ്ലോക്കുകൾ അധികമായി നേടി. ഇരു മുന്നണികളും നാല് വീതം ബ്ലോക്ക് പഞ്ചായത്തുകളിലാണ് അധികാരത്തിലെത്തിയത്. മുനിസിപ്പാലിറ്റികളിൽ കട്ടപ്പനയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതാണ് യു.ഡി.എഫിന് ആശ്വാസം നൽകുന്ന ഘടകം. നഗരസഭയിൽ ഇടത് മുന്നണിക്കായി 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എം 2 സീറ്റിൽ ഒതുങ്ങിയപ്പോൾ, മൂന്ന് സീറ്റ് നേടാൻ ജോസഫ് വിഭാഗത്തിന് സാധിച്ചു.

എന്നാൽ തൊടുപുഴ നിരാശപ്പെടുത്തി. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച യു.ഡി.എഫ് വിമതരായിരിക്കും ഭരണം ആർക്കെന്ന് തീരുമാനിക്കുക.

ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫിനാണ് മുൻതൂക്കം, 52ൽ 27ഉം യു.ഡി.എഫ് നേടിയപ്പോൾ 25 ഇടത്ത് എൽ.ഡി.എഫ് ഭരണം ഉറപ്പാക്കി. എങ്കിലും രാഷ്ട്രീയ വോട്ടുകൾ വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്ത് നഷ്ടമായത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്.

Share via
Copy link
Powered by Social Snap