ഇതാ ഒരു വെളിച്ചം- അകക്കാഴ്ചയില് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റ് പ്രഞ്ജില് പട്ടീല്

തിരുവനന്തപുരം: കാഴ്ചയില്ലാത്ത രാജ്യത്തെ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥ പ്രഞ്ജില്‍ പട്ടീല്‍ തിരുവനന്തപുരം ജില്ലയില്‍ സബ് കലക്ടറായി ചുമതലയേറ്റു. തിരുവനന്തപുരം ആര്‍.ഡി.ഒ കൂടിയായി ചുമതലയേറ്റ പ്രഞ്ജില്‍ പട്ടീലിനെ രാവിലെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ ഇവര്‍ 2017 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഇതു വരെ എറണാകുളത്ത് അസി. കലക്ടറായി സേവനം ചെയ്യുകയായിരുന്നു. ആറാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട പ്രഞ്ജില്‍ നിശ്ചദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ടാണ് ഇപ്പോഴത്തെ പദവിയിലെത്തിയത്.

പ്രഞ്ജില്‍ പട്ടീലിന് ജീവനക്കാര്‍ നല്‍കിയ സ്വീകരണം

2016ല്‍ ഇരുപത്തിയാറാം വയസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസില്‍ അവസരം ലഭിച്ചു. പക്ഷേ, കാഴ്ചശക്തിയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. അടുത്ത തവണ വീണ്ടും സിവില്‍ സര്‍വീസ് എഴുതി 124ാം റാങ്ക് കരസ്ഥമാക്കി.

മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ പി.ജിയും നേടിയ ശേഷമാണു സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്.

വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണു ഭര്‍ത്താവ്. എല്‍.ബി.പാട്ടീല്‍-ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap