ഇന്ത്യക്കാർക്കായി സൗജന്യ താമസവും വീസയും ഒരുക്കി ഒരു രാജ്യം

സ്വാൽബാർഡ് എന്ന നോർവീജിയൻ ദ്വീപസമൂഹത്തിൽ എത്തുമ്പോൾ സന്ദർശകർക്ക് വിമാനത്തിന്റെ ജാലകങ്ങളിലൂടെ ആദ്യം കാണാനാകുന്നത് മഞ്ഞുമൂടിയ പർവതനിരകളാണ്. വർഷത്തിന്റെ പകുതിയും അർധരാത്രിയിലും സൂര്യനെ കാണാം. നോർത്തേൺ ലൈറ്റ്സ് പലപ്പോഴും മിന്നുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതും കാണാം. നോർവേയിലെ സ്വാൽബാർഡ് വേറിട്ടു നിൽക്കുന്നത് മറ്റൊരു കാര്യത്തിലൂടെയാണ്. ഇന്ത്യക്കാർക്ക് ഈ രാജ്യം സൗജന്യ താമസവും വീസയും നൽകുന്നു. വീസ വേണ്ടാത്ത ഈ ദ്വീപസമൂഹം 50 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരുടെ സംഗമഭൂമിയാണ്.

വീസയില്ലാതെ ഇന്ത്യയിൽ നിന്ന് സ്വാൽബാർഡിൽ എത്താം, ഇന്ത്യയിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് ഇല്ല, അതിനാൽ നോർവേ വഴി സ്വാൽബാർഡ് സന്ദർശിക്കണം, നോർവേയിലേക്ക് ഷെങ്കൺ വീസ ആവശ്യമാണ്. അതായത് സാങ്കേതികമായി ഇന്ത്യക്കാർക്ക് വീസ വേണ്ടെങ്കിലും യാത്ര പ്രായോഗികമാകാൻ ചിലപ്പോൾ ഷെങ്കൺ വീസ വേണ്ടി വരും.

ഈ നിഗൂഢവും മനോഹരവുമായ ഭൂമിയിലേക്ക് കാലെടുത്തുവയ്ക്കാൻ ആരും കൊതിയ്ക്കും. മറഞ്ഞിരിക്കുന്ന നിധിയാണ് ശരിക്കും സ്വാൽബാർഡ്. ഇവിടെയെത്തി ഒരു വീടും ജോലിയും ആയാൽ  എത്രകാലം വേണമെങ്കിലും നിങ്ങൾക്ക് സ്വാൽബാർഡിൽ താമസിക്കാം.ആർട്ടിക് സമുദ്രത്തിന്റെ മധ്യത്തിൽ നോർ‌വേയുടെ മെയിൻ‌ലാൻഡിന് 800 കിലോമീറ്റർ വടക്കായിട്ടാണ് സ്വാൽബാർഡ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വടക്കുഭാഗത്തെ വാസസ്ഥലം, ലോകത്തിലെ ഏറ്റവും വടക്കുള്ള സർവകലാശാല, വടക്കേയറ്റത്തെ ആരാധനാലയം, വടക്കേയറ്റത്തെ മദ്യവിൽപനശാല, ലോകത്തിലെ ഏറ്റവും അപൂർവമായ സ്ഥലം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഈ നാടിന്.

50 ലധികം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വാസസ്ഥലമായ ലോംഗിയർ‌ബൈൻ ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ ജനവാസ കേന്ദ്രം. മാത്രമല്ല ലോകത്തിലെ ആർക്കും താമസിക്കാൻ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്. സ്വാൽബാർഡിന്റെ തലസ്ഥാനമായ ലോംഗിയേർബൈനിൽ താമസിക്കുന്ന 2,400 ഓളം നിവാസികളിൽ മൂന്നിലൊന്ന് പേരും കുടിയേറ്റക്കാരാണ്. കാരണം, ഏതു രാജ്യത്തെയും പൗരന്മാർക്ക് ജോലിയും താമസസ്ഥലവും ഉള്ളിടത്തോളം കാലം വീസയില്ലാതെ സ്വാൽബാർഡിൽ താമസിക്കാം.

ചരിത്രം

1596-ൽ ഈ ദ്വീപുകൾ ആദ്യമായി കണ്ടെത്തിയത് വൈക്കിങ്ങുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിന്നു വാൽറസ്, തിമിംഗല വേട്ടക്കാർ ഇവിടെയെത്താൻ തുടങ്ങി.1906-ൽ അമേരിക്കൻ വ്യവസായി ജോൺ മൺറോ ലോംഗിയർ ഈ ദ്വീപസമൂഹത്തിലെ ആദ്യത്തെ കൽക്കരി ഖനി സ്ഥാപിച്ചു, ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗത്തോളം സ്വാൽബാർഡിന്റെ പ്രാഥമിക വ്യവസായമായി തുടർന്നു.

1920 വരെ ദ്വീപുകൾ വിദേശരാജ്യങ്ങളുടെ അധീനതയിലായിരുന്നു, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, സ്വാൽബാർഡിന്മേൽ നോർവേയുടെ പരമാധികാരം ഉറപ്പാക്കുന്ന ഒരു കരാർ ഒമ്പത് രാജ്യങ്ങൾ ഒപ്പുവച്ചു – ഇന്ന് 46 രാജ്യങ്ങൾ കരാറിന്റെ ഭാഗമാണ്. സൈനിക ആവശ്യങ്ങൾക്കായി ഈ പ്രദേശം ഉപയോഗിക്കാൻ കഴിയില്ലെന്നും ദ്വീപുകളുടെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് നോർവേയെ ഉത്തരവാദിത്വപ്പെടുത്തുന്നതായും ഉടമ്പടിയിൽ പറയുന്നുണ്ട്.

ലോകാവസാന നിലവറയുടെ നാട്

സ്വാൽബാർഡ് ദ്വീപസമൂഹത്തിന്റെ ഭാഗമായ സ്പിറ്റ്‌സ്‌ബെർഗനിൽ ഒരു നിലവറയുണ്ട്. അവിടെ സൂക്ഷിച്ചിരിക്കുന്നത് എന്താണെന്ന് അറിയുമോ. ഭൂമിയില്‍ നിലവിലുള്ള സര്‍വ്വതും നശിച്ചാലും വരും തലമുറക്ക് വീണ്ടും കൃഷി തുടങ്ങാന്‍ ആവശ്യമായ വിത്തുകളാണ് ഇവിടെ  സൂക്ഷിച്ചിരിക്കുന്നത്. 40 ലക്ഷത്തോളം വിത്തുസാമ്പിളുകൾ ആണ് ഇവിടെ ശേഖരിച്ച് വച്ചിരിക്കുന്നത്. 

പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്‌ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ ലോകാവസാന നിലവറ. ഇന്ത്യയിൽ നിന്നു മടക്കം ഇവിടേയ്ക്ക് വിത്തുകൾ കൊണ്ടുപോയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് പൂര്‍ണ്ണമായും ഉരുകി തീര്‍ന്നാല്‍ പോലും വെള്ളത്തിനടിയിലാകാതിരിക്കാനാണ് നോര്‍വേയിലെ ഉത്തരധ്രുവത്തിനടുത്തുള്ള പ്രദേശം വിത്ത് ശേഖരണത്തിനായി തെരഞ്ഞെടുത്തത്. പലപ്പോഴും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ധ്രുവപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഇവിടെ മൈനസ് 18 ഡിഗ്രിയാണ് ശരാശരി തണുപ്പ്. നിലവറയിലെ വൈദ്യുതി നിലച്ചാലും 200 വര്‍ഷത്തോളം യാതൊരു കേടുപാടുകളും വിത്തുകൾക്ക് സംഭവിക്കില്ല.

ധ്രുവക്കരടികളുടെയും നാട്

ഈ ദ്വീപുകളിൽ 40 കിലോമീറ്റർ മാത്രമേ  റോഡുകൾ ഉള്ളൂ, വ്യത്യസ്ത വാസസ്ഥലങ്ങൾക്കിടയിൽ റോഡുകളില്ല – അവിടേയ്ക്ക് വേനൽക്കാലത്ത് ബോട്ട് വഴിയോ ശൈത്യകാലത്ത് സ്നോ‌മൊബൈൽ വഴിയോ മാത്രമേ എത്താനാവൂ. ഈ ദ്വീപസമൂഹത്തിൽ ഏകദേശം 3,000 ധ്രുവക്കരടികൾ ഉണ്ട്. ഇവിടെ മനുഷ്യരേക്കാൾ കൂടുതൽ ധ്രുവക്കരടികളെ കാണാമത്രേ.