ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19 ഓവറില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (56), വിരാട് കോലി (45), ശ്രേയസ് അയ്യര്‍ (58) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ വിജത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് മുന്നിലെത്തി. രണ്ടാം മത്സരം 26ന് ഈ സ്റ്റേഡിയത്തില്‍ തന്നെ നടക്കും.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ (7) ഇന്ത്യക്ക് നഷ്ടമായി. മിച്ചല്‍ സാന്റനറുടെ പന്തില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച്. എന്നാല്‍ രാഹുല്‍ – കോലി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 10ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ മടങ്ങി. ഇഷ് സോധിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ മടങ്ങി. 27 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കോലിയും പവലിയനിലെത്തി. ബ്ലയര്‍ ടിക്‌നറുടെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റലിന് ക്യാച്ച്. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെ (13) നിരാശപ്പെടുത്തി. എന്നാല്‍ അയ്യര്‍- മനീഷ് പാണ്ഡെ (14) സഖ്യം വിജയം പൂര്‍ത്തിയാക്കി. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തി. 29 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് അയ്യര്‍ 58 റണ്‍സെടുത്തത്. ന്യൂസിലന്‍ഡിനായി സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. ടിക്‌നര്‍, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും തുടക്കമിട്ട വെടിക്കെട്ട് ടെയ്ലറും വില്യംസണും ആളിക്കത്തിച്ചപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മണ്‍റോ (59), വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

ഇതോടെ ആദ്യ വിക്കറ്റില്‍ 80 റണ്‍സ് പിറന്നു. ഗപ്റ്റിലാണ് ആദ്യം പുറത്തായത്. 19 പന്തില്‍ 30 റണ്‍സെടുത്ത ഗപ്റ്റിലിനെ ശിവം ദുബേ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. മണ്‍റോയുടെകൂട്ടിന്  വില്യംസണ്‍ എത്തിയതോടെ സ്‌കോര്‍ അതിവേഗം മുന്നോട്ട് പോയി. എന്നാല്‍ 12-ാം ഓവറില്‍ താക്കൂര്‍ പുറത്താക്കുമ്പോള്‍ 42 പന്തില്‍ 59 റണ്‍സ് നേടിയിരുന്നു മണ്‍റോ. നാലാമനായെത്തിയ ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഹോമിന് രണ്ട് പന്തിന്റെ ആയുസേ ഇന്ത്യ നല്‍കിയുള്ളൂ. ജഡേജയുടെ പന്തില്‍ ദുബെ ഗ്രാന്‍ഹോമിനെ പിടികൂടി. എന്നാല്‍ വില്യംസണ്‍-ടെയ്ലര്‍ സഖ്യം അവസാന ഓവറുകളില്‍ മാലപ്പടക്കത്തിന് തിരികൊളുത്തി. വെറും 25 പന്തില്‍ നിന്ന് വില്യംസണ്‍ 50 തികച്ചു. പക്ഷേ, തൊട്ടടുത്ത പന്തില്‍ വില്യംസണെയും(26 പന്തില്‍ 51) അടുത്ത ഓവറില്‍ സീഫെര്‍ട്ടിനെയും(1) മടക്കി ഇന്ത്യ തിരിച്ചടിച്ചു. ചാഹലിനും ബുമ്രക്കുമായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ടെയ്ലര്‍ ന്യൂസിലന്‍ഡിനെ 200 കടത്തി. ടെയ്ലര്‍ 27 പന്തില്‍ 54 റണ്‍സും സാന്റ്നര്‍ രണ്ട് പന്തില്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നായിരുന്നു ടെയ്ലറുടെ ഫിഫ്റ്റിയും. ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap