ഇന്ത്യയിലും വാക്സിൻ എത്തിക്കാൻ ശ്രമിക്കും: ഫൈസർ

ന്യൂയോർക്ക്: തങ്ങളുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലും വിതരണം ചെയ്യാൻ ശ്രമിക്കുമെന്ന് യുഎസ് കമ്പനി ഫൈസർ. ബയോൺടെക്കുമായി ചേർന്ന് ഫൈസർ വികസിപ്പിച്ച വാക്സിന് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് യുകെ അനുമതി നൽകിയിട്ടുണ്ട്. വൈകാതെ തന്നെ വാക്സിൻ യുകെയിൽ വിതരണം ചെയ്യുമെന്നാണു കരുതുന്നത്.

ഇതിനിടെയാണ് ഇന്ത്യയിലും തങ്ങളുടെ വാക്സിൻ എത്തിക്കാനുള്ള നീക്കം അവർ നടത്തുന്നത്. വാക്സിൻ വിതരണത്തിനുള്ള അവസരത്തെക്കുറിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്നു കമ്പനി വൃത്തങ്ങൾ. വാക്സിൻ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളുമായി സംസാരിച്ചുവരികയാണെന്നും അവർ.

അമെരിക്കയും യുകെയും അടക്കം നിരവധി രാജ്യങ്ങൾ ഫൈസറിന്‍റെ കൊവിഡ് വാക്സിന് മുൻകൂർ ഓർഡർ നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് അതില്ല. ഈ വാക്സിന് വില കൂടുതലാണ്. അതുകൊണ്ടു തന്നെ വികസ്വര രാജ്യങ്ങൾക്കു താങ്ങാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിൽ ഇതിന്‍റെ സ്റ്റോറെജും ബുദ്ധിമുട്ടാണ്. കൊടും തണുപ്പിലാണ് ( മൈനസ് 70 ഡിഗ്രി സെൽഷ്യസ്)  ഇതു സൂക്ഷിക്കേണ്ടത്. 2021ലെ മുഴുവൻ ഉത്പാദനവും സമ്പന്ന രാജ്യങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നുമുണ്ട് റിപ്പോർട്ടുകൾ.

Share via
Copy link
Powered by Social Snap