ഇന്ത്യയിലെ പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ ഐഎസ് നിർദ്ദേശിച്ചെന്ന് അബു യൂസഫ്

ദില്ലിഇന്ത്യയിലെ പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ ഐഎസ് നിർദ്ദേശിച്ചെന്ന് അബു യൂസഫ്. കുടുംബവുമായി രാജ്യം വിടാൻ പദ്ധതിയിട്ടെന്നും ഇന്നലെ പിടിയിലായ ഭീകരൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അഫ്ഗാനിലോ, സിറിയയിലോ കുടുംബവുമായി എത്തി ഐഎസിൽ ചേരാൻ ഉദ്ദേശിച്ചിരുന്നുവെന്നാണ് അബു യൂസഫിന്റെ വെളിപ്പെടുത്തൽ. 

ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിൽ ആക്രമണം നടത്താൻ നിർദേശം കിട്ടിയത് ഐഎസിൽ നിന്നാണെന്ന് ഇന്നലെ പിടിയിലായ അബു യൂസഫ് പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം. അബുവിന് സ്ഫോടകവസ്തുക്കളെത്തിച്ച മൂന്ന് പേർ കസ്റ്റഡിയിലാണ്.

മകൻ ചെയ്തത് തെറ്റാണെന്നും അബുവിന്റെ പ്രവർത്തികളിൽ ഖേദമുണ്ടെന്നും അറസ്റ്റിലായ ഭീകരന്റെ അച്ഛൻ കഫീൽ ഖാൻ പ്രതികരിച്ചു. ഐഎസ് ബന്ധം അറിഞ്ഞപ്പോൾ പിന്മാറാൻ അബു യൂസഫിനോട് ആവശ്യപ്പെട്ടിരുന്നു എന്നും അച്ഛൻ വെളിപ്പെടുത്തി.

ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യിൽ പ്രഷർ കുക്കറിൽ സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജനത്തിരക്കുള്ള മേഖലയിൽ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വർഷം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്. 

Share via
Copy link
Powered by Social Snap