ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു

ദില്ലി: ഇന്ത്യ തുറന്ന അതിർത്തി പങ്കിടുന്ന നേപ്പാളുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ അതിർത്തിക്ക് അകത്തെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു. ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് ഈ തീരുമാനം.

ഇന്ത്യൻ അതിർത്തിയിലെ കലാപാനി,  ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ. ഇതോടെ ഇരു രാജ്യങ്ങളുമായി തുടർന്നുവന്ന നയതന്ത്ര സൗഹൃദം ഉലയാനാണ് സാധ്യത.

ഇന്ന് ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സർക്കാർ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും. 

Share via
Copy link
Powered by Social Snap