ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നു

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് സേനയുടെ പ്രകോപനപരമായ നീക്കങ്ങൾ തുടരുകയാണെന്ന് സൂചനകൾ. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യമുണ്ട്. അവിടെ ഇന്ത്യ പട്രോളിങ് നടത്തുന്നുമുണ്ട്. ലഡാക്കിലെ പാൻഗോങ് സോ, ഗാൽവൻ നാലാ, ദെംചോക് മേഖലകളിൽ സംഘർഷാവസ്ഥയാണ്. ഇന്ത്യൻ സേന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്- അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കരസേനാ മേധാവി ജനറൽ മനോജ് നരവനെ ലേയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു പിന്നാലെയാണ് സംഘർഷ സാഹചര്യം ഒഴിഞ്ഞിട്ടില്ലെന്ന സൂചനകൾ വരുന്നത്. ലഡാക്ക് അതിർത്തിയുടെ സുരക്ഷാചുമതലയുള്ള ലേയിലെ 14 കോർ സേനാ ആസ്ഥാനത്തെത്തിയ ജനറൽ നരവനെ രക്ഷാസേനാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.

ലഡാക്കിലെ സംഘർഷ മേഖലകളിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചിട്ടുണ്ട്. അതിർത്തിയിൽ ചൈനീസ് സേന ടെന്‍റുകൾ കെട്ടുകയും ബങ്കറുകൾ ഒരുക്കുകയും ചെയ്യുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ആസൂത്രിതമായ കടന്നുക‍യറ്റത്തിനാണു ചൈനീസ് ശ്രമമെന്ന് സംശയിക്കുന്നുണ്ട്. സാധാരണ ഇത്തരത്തിലുള്ള സംഘർഷങ്ങളുണ്ടാകുമ്പോൾ അവിടെയുള്ള സൈനികരുടെ തലത്തിൽ തന്നെ പരിഹരിക്കുകയാണു പതിവ്.

ഇത്തവണ ചൈനയിൽ കൂടുതൽ ഉയർന്നതലത്തിലുള്ള പദ്ധതി ആസൂത്രണങ്ങൾ നടന്നിട്ടുണ്ടോ എന്ന സംശയം ബാക്കിയാണ്. നയതന്ത്ര- രാഷ്ട്രീയ തലങ്ങളിൽ ഇതു പരിഹരിക്കുന്നതിനുള്ള ചർച്ചകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Share via
Copy link
Powered by Social Snap