ഇന്ത്യ–ചൈന സംഘര്ഷത്തില് ബി.ജെ.പിക്കൊപ്പമെന്ന് മായാവതി

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബി.ജെ.പിക്കൊപ്പമാണെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി (ബി.എസ്.പി) അധ്യക്ഷയും യു.പി മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. അതിര്‍ത്തിയിലെ സംഘത്തിന്‍റെ പേരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് മായാവതി പറഞ്ഞു. ഈ വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും പരസ്പരമുന്നയിക്കുന്ന ആരോപണങ്ങൾ രാജ്യതാത്പര്യമല്ല മറിച്ച് ആശങ്കാജനമാണെന്നും അവർ പറഞ്ഞു.

ചൈനയ്ക്ക് ഈ സാഹചര്യം മുതലെടുക്കാൻ സാധിക്കും. ഇത്തരം ആരോപണ പ്രത്യാരോപണങ്ങളിൽ മറ്റു പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ്. അധികാരത്തിലിരുന്നപ്പോൾ പിന്നാക്ക ജാതിക്കാരും ഗോത്രവർഗക്കാരുമുൾപ്പടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബി.എസ്.പി രൂപവത്കൃതമായതെന്നും മായാവതി പറഞ്ഞു. ബി.എസ്.പി ആരുടേയും കൈയിലെ കളിപ്പാട്ടമല്ലെന്നും ദേശീയതലത്തിൽ രൂപവത്കരിക്കപ്പെട്ട സ്വതന്ത്രപാർട്ടിയാണെന്നും അവർ ഓർമിപ്പിച്ചു.

ബി.ജെ.പി കോൺഗ്രസ് ചെയ്ത കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ത്യയെ ആത്മനിർഭർ എന്ന നിലയിലേക്കുയർത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പ്രചാരം കൊടുത്തതുകൊണ്ട് കാര്യമില്ല. ദിനംപ്രതി ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ മായാവതി വിമർശമുന്നിയിച്ചു.