ഇന്ന് ഗാന്ധിജയന്തി

ഇന്ന് ഗാന്ധിജയന്തി. ഇന്ന് ലോകം ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഊര്‍ജപ്രവാഹമാണ് ഗാന്ധിസ്മൃതി. സത്യം, അഹിംസ, ദരിദ്രസേവ തുടങ്ങിയ സമരായുധങ്ങള്‍ മുന്നോട്ട് വെച്ചായിരുന്നു മഹാത്മാ ഗാന്ധിയുടെ പ്രവര്‍ത്തനം.
അതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ സംഭാവനയും. ഗാന്ധിയന്‍ ദര്‍ശനം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ലെങ്കിലും. ഇന്ത്യയില്‍ നില നില്‍ക്കുന്ന വ്യത്യസ്തമായ ജാതികളെയും മതങ്ങളെയും സംസ്‌കാരത്തെയും ഭാഷയേയും ഒരുമിച്ചുള്‍ക്കൊള്ളാന്‍ ഊര്‍ജ്ജം നല്‍കുന്നതായിരുന്നു അത്.
ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികളും കൃഷിക്കാരും ദേശീയസ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് നയിക്കപ്പെട്ടത് ഗാന്ധിയുടെ ആശയങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ബ്രിട്ടീഷുകാരാല്‍ അടിമയാക്കപ്പെട്ട രാജ്യത്തിന് രാഷ്ട്രീയബോധവും ത്യാഗസന്നദ്ധതയും സമര്‍പ്പണ ബോധവും പകര്‍ന്ന് നല്‍കി രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ ഗാന്ധിക്ക് കഴിഞ്ഞു.
അതുകൊണ്ട് തന്നെയാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവായി മാറിയതും.. പക്ഷെ.. ദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ രാജ്യം സ്വാതന്ത്ര്യലബ്ധിയിലെത്തുമ്പോള്‍ ഇന്ത്യയുടെ രാഷ്ട പിതാവ് ദുഃഖിതനായിരുന്നു. 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയരുമ്പോള്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ സ്വാതന്ത്ര്യ സമരനായകന്‍ കൊല്‍ക്കത്തയിലെ നവ്ഖാലിയില്‍ വിഭജിതര്‍ക്കൊപ്പമായിരുന്നു.
രാജ്യം ഒന്നായി നില്‍ക്കണമെന്നും രാജ്യത്ത് സമാധാനം പുലരണം എന്നുമായിരുന്നു ഗാന്ധിജി ആഗ്രഹിച്ചത്. ഇന്ത്യന്‍ വിഭജനത്തിന്റെ മുറിവില്‍നിന്ന് രക്തമൊഴുകുമ്പോള്‍ ഏറ്റവും വേദനിച്ചതും ഗാന്ധിജിയുടെ ഹൃദയമായിരുന്നു. ലോകം ഗാന്ധിജിയുടെ 153-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ജീവിക്കാനുള്ള അവകാശംപോലും സംഘപരിവാര്‍ ഭരണ കൂടത്താല്‍ കവര്‍ന്നെടുക്കപ്പെടുകയാണ്.
ഗാന്ധിജിയെ തിരസ്‌കരിച്ച് ഗാന്ധിഘാതകരെ സ്വീകരിക്കുന്ന രാഷ്ട്രീയം രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ കര്‍ഷകരെയും തൊഴിലാളികളെയും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നിലേക്ക് ഭരണകൂടം എറിഞ്ഞുകൊടുക്കുമ്പോള്‍ ഗാന്ധി ഉയര്‍ത്തിയ ആശങ്ങളും ഗാന്ധിസ്മൃതിയും പുതിയ കാലത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇന്ധനമാക്കുന്നതാണ്.
Share via
Copy link
Powered by Social Snap