ഇറ്റാലിയൻ ഭാഷ സംസാരിച്ച് പ്രഭാസ്; രാധേ ശ്യാം ടീസർ

പ്രഭാസും പൂജ ഹെഗ്ഡെയും ഒന്നിച്ചെത്തുന്ന റൊമാന്റിക് ചിത്രം രാധേ ശ്യാമിന്റെ ടീസർ റിലീസ് ചെയ്തു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിടുന്നത്. പൂജ ഹെഗ്ഡെ പ്രേരണ എന്നാണ് കഥാപാത്രമായാണെത്തുന്നത്. 53 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. ജൂലൈ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നും ടീസറിലൂടെ പങ്കുവച്ചിട്ടുണ്ട്. സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനായി റാമോജി റാവു ഫിലിം സിറ്റിയില്‍ വൻ സെറ്റ് ഉയരുന്നുവെന്ന വാര്‍ത്തകൾ പുറത്തു വന്നിരുന്നു. 30 കോടി രൂപ ചെലവിട്ടാണ് സെറ്റ് നിര്‍മ്മിച്ചത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് ഇപ്പോൾ പ്രഭാസ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.