ഇസ്രായേലില് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്

കല്‍പ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്തില്‍ ജെസി ടോമി (46)യാണ് അറസ്റ്റിലായത്. ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടി എടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. 

അന്വേഷണത്തില്‍ ഇവര്‍ സുല്‍ത്താന്‍ബത്തേരിയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലായി. ഇവിടെ നിന്നാണ് പുല്‍പള്ളി എസ്.ഐ. അജീഷ് കുമാറും സി.പി.ഒ മാരായ ടോണി, വിനീത്, ജെയ്‌സ്, മേരി എന്നിവരും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചിലരുടെ പാസ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ പൊലീസ് സംഘം കണ്ടെടുത്തു. സമാന രീതിയില്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും 30 ഓളം പേരില്‍ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളായി ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.