ഉപാധികളില്ലാതെ സിപിഎമ്മിലേക്ക്

തിരുവനന്തപുരം:കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അനില്‍ കുമാര്‍ അറിയിച്ചു. ഡിസിസി പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കടുത്ത നിലപാടെടുത്ത അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയില്‍ വിശദീകരണം നല്‍കിയിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് രാജി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കി. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഉപാധികളില്ലാതെയാണ് സഹകരിക്കുകയെന്നും അനില്‍കുമാര്‍ പറഞ്ഞു.പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനം.

താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. എന്നിട്ടും പദവികളിലേക്ക് തഴയുകയായിരുന്നു. 2016ലും 2021ലും കൊയ്‌ലാണ്ടി സീറ്റ് നല്‍കാതെ തഴഞ്ഞു. 2021ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് പാര്‍ടി ആവശ്യപ്പെട്ടു. പിന്നീട് സീറ്റ് നല്‍കാതെ തഴഞ്ഞു. വട്ടിയൂര്‍ക്കാവില്‍ സീറ്റ് തരാമെന്ന് പറഞ്ഞത് കൊയ്‌ലാണ്ടി സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നു.

പാര്‍ടിയില്‍ നീതി നിഷേധിക്കപെടുമെന്ന ഉത്തമബോധം ഉണ്ട്. കെ സുധാകരന്‍ പാര്‍ടി പിടിച്ചത് താലിബാന്‍ തീവ്രവാദികളെ പോലെയാണ്. ഇപ്പോള്‍ പാര്‍ടിയില്‍ ഏകാധിപത്യമാണ്. തന്‍റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ് നേതൃത്വത്തിലുള്ളത്. പിന്നില്‍നിന്ന് കുത്തേറ്റ് മരിക്കാനില്ല.

തന്നെ സസ്‌പെന്‍ഡ് ചെയ്തത് ഒരു ചാനലിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ്. കോണ്‍ഗ്രസ് പാര്‍ടിക്കകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട നിലയിലാണെന്നും അനില്‍കുമാര്‍ പറഞ്ഞു.ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് കെ പി അനില്‍കുമാര്‍ ഉയര്‍ത്തിയത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്.

ഡിസിസി പ്രസിഡന്‍റുമാരെ നിശ്ചയിച്ച രീതി ശരിയല്ല. ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കോണ്‍ഗ്രസിന്‍റെ രീതിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നഷ്ടമായിയെന്നും അനില്‍കുമാര്‍ തുറന്നടിച്ചിരുന്നു.

Share via
Copy link
Powered by Social Snap