എയര്സെല് മാക്സിസ് കേസ്: ചിദംബരത്തിനും മകനും മുന്കൂര് ജാമ്യം

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി ബി ഐയുടെയും അറസ്റ്റില്‍നിന്നാണ് ഇരുവര്‍ക്കും പരിരക്ഷ ലഭിച്ചിരിക്കുന്നത് അന്വേഷണവുമായി ഇരുവരും പൂര്‍ണമായും സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടുപേരും ഒരുലക്ഷം രൂപവീതം കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ചിദംബരവും കാര്‍ത്തിയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കഴിഞ്ഞയാഴ്ച കോടതിയില്‍ അറിയിച്ചിരുന്നു. ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി ബി ഐയും ഇഡിയും കോടതിയില്‍ പറഞ്ഞിരുന്നു. ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം ഇന്ന് രാവിലെ കോടതി നിരാകരിച്ചിരുന്നു. 

Leave a Reply

Your email address will not be published.