എയിംസിനെ ഒഴിവാക്കി അമിത് ഷാ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത് എന്തുകൊണ്ട്; തരൂർ

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. എയിംസിൽ പോകുന്നതിന് പകരം സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഷാ ചികിത്സ തേടി എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. എയിംസിനെക്കുറിച്ചുള്ള വിശാഖ് ചെറിയാൻ എന്ന ട്വിറ്റർ ഉപയോക്താവിന്‍റെ ട്വീറ്റ് പങ്കുവച്ചായിരുന്നു തരൂരിന്‍റെ പ്രതികരണം.

ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ എന്ന സങ്കൽപ്പത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സൃഷ്ടിച്ചതാണ് എയിംസ്. വൻ വ്യവസായങ്ങൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സങ്കലനത്തിലൂടെ ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമായിരുന്നു ഈ പ്രൊജക്‌ടുകൾ എന്നായിരുന്നു വിശാഖ് ചെറിയാന്‍റെ ട്വീറ്റ്.

സത്യം, നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോൾ എയിംസിൽ പോകാതെ സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത് എന്തു കൊണ്ടാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ വിശ്വാസ്യത ആർജിക്കുന്നതിന് പൊതുമേഖല സ്ഥാപനങ്ങൾക്ക് അധികാരികളുടെ പിന്തുണ ആവശ്യമുണ്ട്- തരൂർ ട്വീറ്റ് ചെയ്തു. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Share via
Copy link
Powered by Social Snap