എറണാകുളത്ത് സമ്പർക്ക രോഗം വർധിക്കുന്ന ഇടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

എറണാകുളം ജില്ലയിൽ സമ്പർക്കം മൂലമുള്ള കേസുകൾ വർധിക്കുന്ന ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ സാധനങ്ങളും അവശ്യ വസ്തുക്കളും എത്തിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്കാണ്. സമ്പർക്കത്തിലൂടെ മാത്രം 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത്. 181 പേർക്ക് രോഗം ഭേദമായി. 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടു.

രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ആരോഗ്യ പ്രവർത്തകർ- എട്ട്, ബിഎസ്എഫ്- ഒന്ന്, ഐടിബിപി- രണ്ട്, സിഐഎസ്എഫ്- രണ്ട് എന്നിങ്ങനെയാണ്. 181 പേർ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തരായി.

Share via
Copy link
Powered by Social Snap