എഴുന്നേൽക്കാൻ വൈകി; കോട്ടയത്ത് മകളെ അച്ഛൻ വാക്കത്തി കൊണ്ട് വെട്ടി

കോട്ടയം: രാവിലെ എഴുന്നേൽക്കാന്‍ വൈകിയ മകളെ പിതാവ് വാക്കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് പതിനേഴുകാരിയായ മകളെ വെട്ടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. 
മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞ് ബഹളം വച്ച രഘു, വാക്കത്തിയുമായി പെൺകുട്ടിയുടെ മുറിയിലെത്തി.

ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇയാൾ കുട്ടിയെ വെട്ടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കാണ് ആദ്യം വെട്ടിയത്. തലയിൽ നിന്ന് ചോര വാർന്നൊഴുകിയതോടെ പെൺകുട്ടി നിലവിളിച്ചു. ഇതോടെ വീണ്ടും വെട്ടി. ഇത് തടയുന്നതിനിടെ കുട്ടിയുടെ വലതുകൈയിലെ മോതിരവിരല്‍ മുറിഞ്ഞു തൂങ്ങുകയും ചെയ്തു.

സംഭവസമയം രഘുവിന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍റെ അക്രമത്തെ തുടർന്ന് അടുത്തവീട്ടിൽ അഭയം തേടിയ മകളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത രഘുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരിക്കുകയാണ്.

Share via
Copy link
Powered by Social Snap