എസ്.എസ് രാജമൌലിക്കെതിരെ തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷന്റെ ഭീഷണി

സിനിമകള്‍ക്ക് എതിരെ വര്‍ഗീയ സഘടനകള്‍ ഇടപെടുന്നത് ഇന്ത്യയില്‍ ഇപ്പോള്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം തീവ്ര ഹിന്ദു സഘടനകളുടെ ഇടപെടല്‍ കാരണം സിനിമയുടെ പ്രമേയങ്ങളിലും പേരുകളിലും മാറ്റം വരുത്തി പ്രേക്ഷക സമക്ഷം പ്രദര്‍ശിപ്പിക്കുന്ന ഗതികേടിലാണ് ഇന്ത്യയിലെ ചലചിത്രപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമാണ് അക്ഷയ്കുമാര്‍ നായകനായ ‘ലക്ഷ്മി ബോംബ്’എന്ന ചിത്രത്തിന്റെ പേര് മാറ്റണം എന്നാവിശ്യപ്പെട്ടുകൊണ്ട് ചില ഹിന്ദു സഘടനകള്‍ രംഗത്ത് വന്നത്. പ്രതിഷേധം കണക്കിലെടുത്തു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്മി ബോംബ് എന്ന പേരില്‍ നിന്ന് ‘ബോംബ്’ ഒഴിവാക്കി ലക്ഷ്മി എന്ന് ചുരുക്കുകയായിരുന്നു. ഏറ്റവും പുതുതായി ഇപ്പോള്‍ സംവിധായകന് എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിനാണ് ഇത്തരക്കാരുടെ ഭീഷണി നേരിട്ടിരിക്കുന്നത്.
എസ്.എസ് രാജമൌലിയുടെ ഏറ്റവും പുതിയ ചിത്രത്തിന് നേരെ തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ ബണ്ടി സഞ്ജയ് ആണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. രാജമൗലി യുടെ പുതിയ ചിത്രമായ ‘ആര്‍ആര്‍ആറി’ന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി എത്തിയിരിക്കുന്നത്.സ്വാതന്ത്ര്യ സമര സേനാനി കോമരം ഭീമിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണ് ആര് ആര് ആര്. ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ചിലര്‍ തങ്ങളുടെ ദൈവമായി വരെ ആരാധിക്കുന്നയാളാണ് ഭീം. അതിനാൽ ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ച് ടീസറിൽ അവതരിപ്പിച്ചത് ശരിയായില്ല എന്ന് ബണ്ടി പറഞ്ഞിരിക്കുകയാണ്.
ചിത്രത്തില്‍ ഭീം ആയി അഭിനയിക്കുന്നത് ജൂനിയര്‍ എന്‍.ടി.ആര് ആണ്. സിനിമയിൽ ഈ രംഗങ്ങള്‍ നീക്കിയില്ലെങ്കില്‍ രാജമൗലി വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇത് ഹിന്ദുവികാരവും ട്രൈബല്‍ ജനങ്ങളുടെ വികാരവും വ്രണപ്പെടുത്തിയെന്നും ബണ്ടി പറഞ്ഞു. സിദ്ദിപേട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ബണ്ടി ഇത് പറഞ്ഞിരിക്കുന്നത്.