എൻ.പി.ആറുമായി സഹകരിക്കില്ലെന്ന സർക്കാർ തീരുമാനത്തിന് എം.പിമാരുടെ പിന്തുണ

സെൻസസ് നടപടികളുമായി സർക്കാർ സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് എം.പിമാരുടെ യോഗം പിന്തുണയറിയിച്ചു. സെൻസസും എൻ.പി.ആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന് പ്രീ-ഇൻവെസ്റ്റ്‌മെൻറ് പ്രവർത്തനങ്ങൾ നടത്തുന്നതിന് തത്വത്തിൽ അംഗീകാരം കേന്ദ്ര റെയിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച തുടർനടപടികൾക്ക് എം.പിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് ആവശ്യമായ തുക റെയിൽവേ ബജറ്റിൽ വകയിരുത്തണമെന്ന് എം.പിമാർ ആവശ്യപ്പെടണം. ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി നടപടികൾ ത്വരിതപ്പെടുത്തണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിലെ നിർദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താൻ എം.പിമാരുടെ ഇടപെടൽ വേണം. 2018 ൽ സംസ്ഥാനം നേരിട്ട മഹാപ്രളയത്തെത്തുടർന്നുള്ള പ്രത്യേക പരിഗണന കണക്കിലെടുത്ത് കേരളത്തിന്റെ പുനർനിർമാണത്തിനായി കടമെടുപ്പ് പരിധി ഉയർത്തുക, റബ്ബറിന്റെ മിനിമം താങ്ങുവില ഉയർത്തുക, അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ പ്രഖ്യാപിക്കുക, കേരളത്തിൽ എയിംസ് അനുവദിക്കുക, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫാക്ട് എന്നിവയിൽ അധിക നിക്ഷേപം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 2019 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാന സർക്കാരിന് ലഭ്യമാകേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 1600 കോടി അടിയന്തരമായി ലഭിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നടപടിക്കെതിരെ സമ്മർദ്ദം വേണം. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് സംസ്ഥാന സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കേന്ദ്രസർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ റോഡുകളുടെ പുനർനിർമാണത്തിനായി എൻ.ഡി.ആർ.എഫിൽ നിന്ന് അധിക ധനസഹായമായി കിലോമീറ്ററിന് 10 ലക്ഷം രൂപ എന്ന നിരക്കിൽ അനുവദിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ റേഷന് വില ഈടാക്കാനുള്ള നടപടി ഒഴിവാക്കുന്നതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം വേണം. ലോകകേരള സഭയിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ പ്രാസികളുടെ താത്പര്യം മനസിലാക്കി സമഗ്ര പുനരധിവാസ നയം രൂപീകരിക്കുക, തിരികെ വരുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസ പദ്ധതി കേന്ദ്രം ആവിഷ്‌കരിക്കുക, തന്റേതല്ലാത്ത കാരണങ്ങളാൽ വിദേശ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാൻ ഇന്ത്യൻ എംസിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥ സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കുക, ഗൾഫ് നാടുകളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവിടുത്തെ ഇന്ത്യൻ എംബസികളിലെ നിലവിലുള്ള ലേബർ അറ്റാഷെകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ എം.പിമാരുടെ തുടർ ഇടപെടൽ വേണം. ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിന്റെ ഓഹരികൾ കേന്ദ്രം വിറ്റഴിച്ചപ്പോൾ കേരളം 51 ശതമാനം ഓഹരികൾ വാങ്ങാൻ ഉത്തരവായിരുന്നു. ഇതിന്റെ തുടർകരാർ ഒപ്പിടുന്നതിന് കേന്ദ്രത്തിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ കേന്ദ്രത്തിൽ എം.പിമാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ മന്ത്രിമാരായ ഡോ: ടി.എം. തോമസ് ഐസക്, ജി.സുധാകരൻ, കെ. കൃഷ്ണൻകുട്ടി, എം.പിമാരായ ബിനോയ് വിശ്വം, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എ.എം. ആരിഫ്, പി.വി. അബ്ദുൽ വഹാബ്, ജോസ് കെ. മാണി, എൻ.കെ പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ: വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap