ഏത് പ്രേതം, എവിടെ പ്രേതം; ഭീതി നിറച്ച് ചുഴൽ ടീസർ


ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായെത്തുന്ന ചുഴൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ ബിജു മാണിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മിസ്റ്ററി ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഹിൽ സ്റ്റേഷൻ റിസോർട്ട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം നക്ഷത്ര പിക്ചേഴ്സിന്റെ ബാനറിൽ നിഷ മഹേശ്വരൻ ആണ് നിർമിക്കുന്നത്.
ആർ ജെ നിൽജ, എബിൻ മേരി, ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സാജിദ് നാസറാണ്. എഡിറ്റിങ് അമർ നാഥ് ആണ്. പശ്ചാത്തലസംഗീതം നിർവഹിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്.