ഏഴു സംസ്ഥാനങ്ങളിൽ അടച്ചിടൽ കൂടുതൽ കാലത്തേക്കു നീട്ടേണ്ടി വരും

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ കർശനമായി പിന്തുടർന്നാൽ ഏഴു സംസ്ഥാനങ്ങളിൽ അടച്ചിടൽ കൂടുതൽ കാലത്തേക്കു നീട്ടേണ്ടി വരും. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, തെലങ്കാന, ചണ്ഡിഗഡ്, തമിഴ്നാട്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഉടൻ ഇളവുകൾക്കു സാധ്യതയില്ലാത്തത്. അവസാന രണ്ടാഴ്ചയിൽ അഞ്ചു ശതമാനത്തിലധികം പേർക്ക് രോഗം ബാധിച്ചെങ്കിൽ അവിടങ്ങളിൽ ഇളവു പാടില്ലെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മാർഗനിർദേശം.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർക്കശമായ നിയന്ത്രണങ്ങൾ തുടരണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശിക്കുന്നു.
ഇന്ത്യയിലെ കൊവിഡ് ബാധിതമായ 34 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായിജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠനത്തിൽ ഏഴു സംസ്ഥാനങ്ങൾ രോഗികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വളർച്ചയാണു രേഖപ്പെടുത്തിയത്. 100 ടെസ്റ്റുകളിൽ അഞ്ചു ശതമാനത്തിലധികം രോഗമുണ്ടോ എന്നായിരുന്നു പരിശോധന.

ഇതിൽ മഹാരാഷ്‌ട്ര 18%, ഗുജറാത്ത് 9%,ഡൽഹി7%, തെലങ്കാന7%, ചണ്ഡിഗഡ് 6%, തമിഴ്നാട് 5%, ബിഹാർ % എന്നീ സംസ്ഥാനങ്ങൾ ആശങ്കാജനകമായ തോത് രേഖപ്പെടുത്തി. പോസിറ്റിവ് കേസുകൾ കൂടുതലാണെങ്കിൽ അവിടെ രോഗികളെ മാത്രമേ കാര്യമായി പരിശോധിച്ചിട്ടുള്ളൂ എന്നാണു സർവകലാശാലയുടെ പഠനം പറയുന്നത്. ഇതോടെ, സമൂഹവ്യാപനത്തിന്‍റെ തോത് അറിയാനാവില്ലെന്നും സർവകലാശാല.

പോസിറ്റിവ് കേസുകൾ കുറഞ്ഞാൽ അവിടെ പരിശോധന കാര്യക്ഷമമാണെന്നും സമൂഹവ്യാപന സാധ്യത കുറയുന്നുവെന്നും മനസിലാക്കാമെന്നും പഠനം പറയുന്നു. ഈ സാഹചര്യത്തിലാണ് ഏഴു സംസ്ഥാനങ്ങളിൽ നിയന്ത്രണം നീട്ടേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടുന്നത്.