ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ ചിദംബരത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യകത സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ബോധിപ്പിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ചിദംബരം വ്യക്തമാക്കി. ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007–ലാണ് െഎഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ(എഫ്ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്.ചിദംബരത്തിന്റെ മകൻ കാർത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. കാർത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ നിലപാട്.കേസിൽ, ഐഎന്‍എക്സ് മീഡിയയുടെ ഡയറക്ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ഡൽഹിയിലെ പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. ഷീന ബോറ വധക്കേസിൽ ബൈക്കുള ജയിലിൽ വിചാരണത്തടവിൽ കഴിയുകയാണ് ഇന്ദ്രാണി. ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇന്ദ്രാണിക്ക് വാറന്റ് നൽകുകയും ചെയ്തു. ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്‌സ് മീഡിയ. കേസിൽ പീറ്റർ മുഖർജിക്കെതിരെയും അന്വേഷണമുണ്ട്.

1 thought on “ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap