ഒതളങ്ങ തുരുത്തിലെ നത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ജൂഡ് ആന്റണിക്കൊപ്പം

മലയാളികള്‍ ഏറെ ആസ്വദിക്കുന്ന കോമഡി വെബ് സിരീസ് ആണ് ഒതളങ്ങ തുരുത്ത്. കേരളത്തിന്‍റെ ഉള്‍നാടന്‍ പ്രകൃതിഭംഗിയും നവാഗതരും പ്രതിഭാധനരായ യുവാക്കളുടെ പ്രകടനവും പൊട്ടിച്ചിരിപ്പിക്കുന്ന കഥാതന്തുക്കളുമൊക്കെയാണ് സിരീസിനെ ജനപ്രിയമാക്കിയത്. സിരീസിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ‘നത്ത്’. അബിന്‍ ബിനോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ അബിന്‍ അഭിനേതാവ് എന്ന നിലയില്‍ തന്‍റെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

അന്‍വര്‍ റഷീദിന്‍റെ നിര്‍മ്മാണത്തില്‍ ‘ഒതളങ്ങ തുരുത്ത്’ സിനിമയാവുന്ന കാര്യം നേരത്തെ പുറത്തെത്തിയിരുന്നു. സിരീസ് ഒരുക്കിയ അംബുജി ബിസിഎം തന്നെയാണ് ആ ചിത്രവും സംവിധാനം ചെയ്യുക. എന്നാല്‍ അബിന്‍ ബിനോ അരങ്ങേറ്റം കുറിക്കുക മറ്റൊരു ചിത്രത്തിലൂടെയാണ്. അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’ എന്ന ചിത്രത്തിലൂടെയാണ് അബിന്‍റെ സിനിമാ അരങ്ങേറ്റം. ജൂഡ് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ (നത്ത്) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്‍റെ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ- ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

Share via
Copy link
Powered by Social Snap