ഒമൈക്രോൺ: സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രത തുടരും

ഒമൈക്രോൺ വിനാശകാരിയായ വൈറസാണ്. 30ൽ അധികം മ്യൂട്ടേഷൻ ഇതിന് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിൽ ഒരു ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള മുൻകരുതൽ നടപടികൾ തുടരും. എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.

Share via
Copy link
Powered by Social Snap