ഒരു നടനെയും ആർക്കും വിലക്കാനാവില്ല; സ്റ്റാർ സിനിമയുടെ സംവിധായകൻ

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സിനിമ തിയെറ്ററുകൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തർക്കങ്ങൾ നിലനിൽക്കെ “ഒരു നടനെ എങ്ങനെയാണ് വിലക്കാൻ കഴിയുക” എന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിലൂടെ തന്‍റെ നയം വ്യക്തമാക്കി ‘സ്റ്റാർ’  സിനിമയുടെ സംവിധായകൻ ഡോമിൻ. ഡി. സിൽവ. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.

തിയെറ്റർ തുറക്കുന്നതും ആളുകൾ കൂട്ടമായി കാണാൻ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. തിയെറ്ററിൽ ഇരുന്ന് സിനിമ കാണുന്നതും ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ആസ്വദിക്കുന്നതും നല്ല കാര്യം തന്നെയാണെന്നും രണ്ട് മേഖലയും വളരേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പ്രകടമാക്കുന്നു. 

തിയെറ്റർ തുറന്നാൽ ഒക്ടോബർ 29 ന് കേരളത്തിലെ തിയെറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാർ’. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Share via
Copy link
Powered by Social Snap